2015 ൽ സ്കൂളിലെ ഫുട്ബോൾ കളിക്കാരിൽ ഒരാൾ തന്നെ ബലാത്സംഗം ചെയ്തുവെന്നും സ്കൂൾ അധികൃതർ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ചു മുൻ ബോസ്റ്റൺ കോളേജ് ഹോക്കി കളിക്കാരി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ആറ് ടീമുകളുള്ള പ്രൊഫഷണൽ ഹോക്കി ഫെഡറേഷന്റെ ബോസ്റ്റൺ പ്രൈഡിലെ ഫോർവേഡ് ആയ 25 കാരി ടോറി സള്ളിവനാണ്, 2015 ലെ ഹാലോവീനിലെ ഒരു പാർട്ടിയെ തുടർന്ന് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തിയത്.
താൻ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്ന ആഴ്‌ചകളിൽ എന്താണ് സംഭവിച്ചതെന്ന് ടീമംഗങ്ങളോടും സ്കൂൾ അധികൃതരോടും അറിയിച്ചതായി സള്ളിവൻ പറഞ്ഞു. ലൈംഗികാതിക്രമത്തെ തുടർന്നുണ്ടായ ആഘാതത്തെ നേരിടാൻ സള്ളിവൻ മദ്യം ഉപയോഗിക്കുകയും സ്വയം മരുന്ന് കഴിക്കാൻ ആരംഭിച്ചതായും അവർ വെളിപ്പെടുത്തി. തുടർന്ന് ആരോഗ്യം വഷളായതോടെ ബോസ്റ്റൺ കോളേജിൽ നിന്ന് മെഡിക്കൽ ലീവ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ തന്നെ ബ്ലോക്ക് ചെയ്യാനും ഗ്രൂപ്പ് ടെക്‌സ്‌റ്റ് മെസേജുകളിൽ നിന്ന് തന്നെ ഒഴിവാക്കാനും ഹോക്കി പരിശീലകർ തന്റെ ടീമംഗങ്ങളോട് നിർദ്ദേശിച്ചതായി സള്ളിവൻ പറഞ്ഞു.
2017-ൽ, കാമ്പസിലേക്ക് മടങ്ങാനും ഹോക്കി ജീവിതം പുനരാരംഭിക്കാനും തയ്യാറാണെന്ന് സള്ളിവൻ അറിയിച്ചെങ്കിലും, സ്കൂളിലെ കോച്ചിംഗ് സ്റ്റാഫ് ടീമിൽ നിന്ന് പുറത്താക്കി.
സള്ളിവൻ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലേക്ക് മാറുകയും പ്രോ ഹോക്കിയിലേക്ക് മാറുന്നതിന് മുമ്പ് രണ്ട് കോൺഫറൻസ് ചാമ്പ്യൻ ടീമുകളിൽ കളിക്കുകയും ചെയ്തു.
സള്ളിവന്റെ ആരോപണങ്ങൾ ബോസ്റ്റൺ കോളേജ് നിഷേധിച്ചു.
“ബോസ്റ്റൺ കോളേജ് ലൈംഗിക ദുരാചാരത്തെക്കുറിച്ചുള്ള ഏതൊരു ആരോപണത്തെയും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്, കൂടാതെ അതിന്റെ എല്ലാ വിദ്യാർത്ഥികൾക്കും വിപുലമായ പരിചരണവും പിന്തുണയും ഉറവിടങ്ങളും നിയമപരമായ ഓപ്ഷനുകളും നൽകുന്നു,” ബോസ്റ്റൺ കോളേജ് അസോസിയേറ്റ് അത്‌ലറ്റിക് ഡയറക്ടർ ജേസൺ ബാം പ്രസ്താവനയിൽ പറഞ്ഞു. “എല്ലാ സാഹചര്യങ്ങളിലും ആ മാനദണ്ഡം പാലിക്കപ്പെടുന്നു, ഒരു വിദ്യാർത്ഥി-അത്‌ലറ്റിനെ പിന്തുണച്ചിട്ടില്ലെന്നുള്ള ഏതൊരു സൂചനയും തികച്ചും തെറ്റാണ്.” ബാം കൂട്ടിച്ചേർത്തു.