മോസ്കോ: യുദ്ധത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായില്ലെന്ന് റഷ്യ. സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ നല്‍കുക വഴി സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കാനാണ് യുക്രെയ്ന് ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും യുക്രെയ്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് അടിത്തറ ഒരുക്കണമെങ്കില്‍ ചര്‍ച്ചകളില്‍ കാര്യമായൊരു പുരോഗതി ഉണ്ടാകേണ്ടതുണ്ടെന്നു ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചകളിലൂടെ ഒരു സമവായത്തിലെത്താന്‍ യുക്രെയ്നെക്കാള്‍ കൂടുതല്‍ സന്നദ്ധത റഷ്യ കാണിക്കുന്നുണ്ടെന്ന് പെസ്കോവ് ആവര്‍ത്തിച്ചു.
അതേസമയം ചര്‍ച്ചക്ക് തയാറാണെന്നും എന്നാല്‍ റഷ്യയുടെ അന്ത്യശാസനം അനുസരിച്ച് കീഴടങ്ങില്ലെന്നും യുക്രെയ്ന് വ്യക്തമാക്കി.