ഉത്തർപ്രദേശിൽ മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. രണ്ട് കുടുംബങ്ങളിൽ നിന്നായുള്ള നാല് കുട്ടികളാണ് മരണപ്പെട്ടത്. കുശിനഗറിലാണ് സംഭവം. മരിച്ചവരിൽ രണ്ടുപേർ പെൺകുട്ടികളും രണ്ടുപേർ ആൺകുട്ടികളുമാണ്.
വീടിന്റെ വാതിലിനുമുന്നിൽ കണ്ട മിഠായി കഴിച്ചാണ് മരണമെന്ന് കുടുംബങ്ങൾ അറിയിച്ചു. മിഠായിക്ക് പുറമെ വീടിന്റെ വാതിലിന് മുന്നിൽ നാണയത്തുട്ടുകളും കണ്ടെത്തിയതായി കുടുംബം പറഞ്ഞു. വീടിനു മുന്നിൽ മിഠായി കണ്ടെത്തിയ കൂട്ടത്തിലെ മുതിർന്ന കുട്ടി, മറ്റ് മൂന്നുപേർക്കുമായി പങ്കുവെക്കുകയായിരുന്നു.
മിഠായി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ കുട്ടികളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ച നാല് കുട്ടികളും ദളിത് കുടുംബത്തിൽപ്പെട്ടവരാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ മന്ത്രാവാദമാണോയെന്ന് സംശയിക്കുന്നതായി കുശിനഗർ പോലീസ് പ്രതികരിച്ചു.