ലണ്ടൻ : വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ വിവാഹിതനായി. കാമുകിയും പങ്കാളിയുമായ സ്റ്റെല്ല മോറിസുമായുള്ള അസാൻജയുടെ വിവാഹം ലണ്ടൻ ജയിലിച്ച് വെച്ചാണ് നടന്നത്. തെക്കുകിഴക്കൻ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലിൽ രജിസ്ട്രാറുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
വിവാഹ ചടങ്ങിൽ നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് പങ്കാളിയായത്. ദമ്പതികളുടെ മക്കളായ ഗബ്രിയേൽ, മാക്സ്, അസാൻജിന്റെ പിതാവും സഹോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുരക്ഷാ കാരണങ്ങൾ മൂലം വിവാഹ ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർക്കും ജയിലിൽ പ്രവേശന അനുമതി നൽകിയിരുന്നില്ല. ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളികളികളിൽ ചിലരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വെച്ചായിരുന്നു വിവാഹം.
അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമയി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻ ജിനെതിരെയുള്ളത്. അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട യുഎസിൻ്റെ ലക്ഷക്കണക്കിന് രേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. 2019 മുതൽ ബെൽ മാർഷ് ജയിലിൽ തടവിലാണ് 50 കാരനായ അസാൻജ്.
മുൻപ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം കഴിഞ്ഞു. സ്വീഡനിലേക്ക് കൈമാറുന്നത് ഒഴിവാക്കാനാണ് അദ്ദേഹം എംബസിയിൽ തുടർന്നത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങളും അസാൻജ് നേരിടുന്നുണ്ട്. അതേസമയം, അസാൻജയെ വിട്ടുകിട്ടാനുള്ള നീക്കങ്ങൾ അമേരിക്ക തുടരുന്നുണ്ട്.
ചാരവൃത്തി ആരോപിച്ച് യുഎസിലേക്ക് കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ അസാൻജിന്റെ അപ്പീൽ കഴിഞ്ഞ ആഴ്ച ബ്രിട്ടനിലെ സുപ്രീം കോടതി നിരസിച്ചിരുന്നു.