മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരണപ്പെടുകയായിരുന്നു.
ഇബ്രി വിലായത്തിലെ അല്‍-ആരിദ് പ്രദേശത്താണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അറിയിച്ചു.
അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവര്‍ത്തകര്‍ ഗരുതരാവസ്ഥയില്‍ കണ്ടെത്തിയ ഒരാള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷപ്പെടുത്തിയ മറ്റ് നാല് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‍സ് ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് പാലിക്കേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കപ്പെട്ടിരുന്നുവെന്ന് പരിശോധിക്കണമെന്നും ഫെഡറേഷന്‍ പറഞ്ഞു.