ഓക്ലന്‍ഡ്: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത് നിര്‍ണായക മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 274 റണ്‍സായിരുന്നു സ്കോര്‍ ചെയ്തത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിയിലെത്തിയത്.
അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു വേണ്ടത്. ക്രീസില്‍ നിലയുറപ്പിച്ച മിഗ്നോണ്‍ ഡു പ്രീസിനെ പുറത്താക്കുക അല്ലെങ്കില്‍ സ്ട്രൈക്കില്‍ നിന്ന് ഒഴിവാക്കുക എന്നതായിരുന്നു ഇന്ത്യയുടെ മുന്നിലുണ്ടായിരുന്ന കടമ്പ. അവസാന ഓവര്‍ എറിഞ്ഞ ദീപ്തി ശര്‍മയുടെ അഞ്ചാം പന്തില്‍ മിഗ്നോണ്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹര്‍മന്‍പ്രീതിന്റെ കൈകളില്‍ പന്തെത്തിയതോടെ ഇന്ത്യന്‍ ക്യാമ്പിൽ ആഹ്ളാദം. എന്നാല്‍ അമ്പയർ നൊ ബോള്‍ വിളിച്ചു.
ഒരിക്കല്‍കൂടി ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കും വിജയത്തിനും നടുവില്‍ നൊ ബോള്‍ വില്ലനായി അവതരിച്ചു. പിന്നീടുള്ള രണ്ട് പന്തില്‍ അനായാസം ലക്ഷ്യം മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനം. മിഗ്നോണ്‍ (52), ലോറ വോള്‍വാര്‍ഡ്ട്ട് (80), ലാറ ഗൂഡാല്‍ (49) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരം മാത്രം ജയിച്ച ഇന്ത്യക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു.
നേരത്തെ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും നല്‍കിയ മികച്ച തുടക്കത്തിന്റെ അടിത്തറയിലായിരുന്നു ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. സ്മ്യതി (71), ഷെഫാലി (53), മിതാലി രാജ് (68), ഹര്‍മന്‍പ്രീത് കൗര്‍ (48) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മറ്റുള്ളവരാരും രണ്ടക്കം കടന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഇസ്മയിലും മസാബാറ്റ ക്ലാസും രണ്ട് വിക്കറ്റ് വീതം നേടി.