കുറച്ചു വർഷങ്ങളായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ബെൽജിയത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് ബ്രസീൽ. കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരത്തിലും മികച്ച വിജയം നേടിയ കാനറികൾ ഇപ്പോൾ പുറത്തു വന്ന പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ബ്രസീൽ 1832 പോയിന്റ് നേടിയപ്പോൾ ബെൽജിയം 1827 പോയിന്റുമായാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.
ബ്രസീൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത് ഇതും ചേർത്ത് 144-നാമത്തെ തവണയാണ്. മറ്റൊരു ടീമും നൂറു തവണ പോലും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ലെന്നത് കാനറികളുടെ കരുത്ത് വ്യക്തമാക്കുന്നു. 64 തവണ ഒന്നാം സ്ഥാനത്തെത്തിയ സ്പെയിനും 34 തവണ ഒന്നാം സ്ഥാനം നേടിയ ബെൽജിയവും ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.
ആദ്യ പത്തു സ്ഥാനങ്ങളിൽ ബ്രസീലും ഒൻപതാം സ്ഥാനം സ്വന്തമാക്കിയ മെക്‌സിക്കോയും മാത്രമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്. ബെൽജിയം ഒന്നിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് വീണതുമൊഴിച്ചാൽ മറ്റു ടീമുകളുടെ റാങ്കിങ്ങിൽ വ്യത്യാസമില്ല. ഫ്രാൻസ് മൂന്നാം സ്ഥാനത്തും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന നാലാം സ്ഥാനത്തും തുടരുന്നു.
അർജന്റീനയെക്കാൾ നാല് പോയിന്റ് മാത്രം കുറവിൽ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തു നിൽക്കുമ്പോൾ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായെങ്കിലും ഇറ്റലി ആറാമതുണ്ട്. സ്പെയിൻ ഏഴാം സ്ഥാനത്തും പോർച്ചുഗൽ എട്ടാമതും മെക്‌സിക്കോ ഒൻപതാം സ്ഥാനത്തും നിൽക്കുമ്പോൾ നെതർലാൻഡ്‌സാണ് പത്താമതു നിൽക്കുന്നത്.
ആദ്യ പത്തിൽ നിന്നും പുറത്തു പോയ പ്രധാന ടീമുകൾ ജർമനിയും യുറുഗ്വായുമാണ്. ജർമനി ഡെന്മാർക്കിനു പിന്നിൽ പന്ത്രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ യുറുഗ്വായ് പതിമൂന്നാം സ്ഥാനത്താണ്. നിലവിലെ റാങ്കിങ് അനുസരിച്ചാണ് നാളെ നടക്കാനിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിൽ പോട്ടുകൾ തയ്യാറാക്കുക.
അതേസമയം ഫിഫ റാങ്കിങ്ങിൽ ഇന്ത്യ തകർച്ച നേരിട്ടിട്ടുണ്ട്. നേരത്തെ 104 -ആം സ്ഥാനത്തു നിന്നിരുന്ന ഇന്ത്യ ഏറ്റവും പുതിയ റാങ്കിങ്ങിൽ 106ആം സ്ഥാനത്താണ്. ഏഷ്യൻ ടീമുകളിൽ ഇറാൻ തന്നെയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.
ഫിഫ റാങ്കിങ് ആദ്യ പത്തു സ്ഥാനക്കാരും പോയിന്റും :
- ബ്രസീൽ (1832 പോയിന്റ്)
- ബെൽജിയം (1827 പോയിന്റ്)
- ഫ്രാൻസ് (1789 പോയിന്റ്)
- അർജന്റീന (1765 പോയിന്റ്)
- ഇംഗ്ലണ്ട് (1761 പോയിന്റ്)
- ഇറ്റലി (1723 പോയിന്റ്)
- സ്പെയിൻ (1709 പോയിന്റ്)
- പോർച്ചുഗൽ (1674 പോയിന്റ്)
- മെക്‌സിക്കോ (1658 പോയിന്റ്)
- നെതർലാൻഡ്‌സ് (1658 പോയിന്റ്)