ത്ഷാന്‍സു, കോംഗോ : ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങൾ യാത്ര ചെയ്ത ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി യു എൻ സ്ഥിതീകരിച്ചു. കോംഗോയില്‍ വെച്ചാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.
‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എട്ട് യുഎന്‍ സമാധാന സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അതിയായ ദുഖമുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നു’ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അപകടകാരണം ഇനിയും വ്യക്തമല്ല. റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎന്‍ ഓര്‍ഗനൈസേഷന്‍ സ്റ്റെബിലൈസേഷന്‍ മിഷന്‍(മോനുസ്‌കോ)ആണ് ഹെലികോപ്ടര്‍ തകര്‍ന്നതായി അറിയിച്ചത്. ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് മോനുസ്‌കോയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന വിവരം വ്യക്തമായത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ എട്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കോംഗോ സൈന്യവും എം23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പം തമ്മില്‍ ഈയടുത്ത് ഏറ്റുമുട്ടല്‍ നടന്ന വടക്കന്‍ കിവു പ്രവിശ്യയിലെ ത്ഷാന്‍സു പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.