Saturday, December 27, 2025

രാജസ്ഥാനെ വീഴ്‌ത്തി ബാംഗ്ലൂര്‍

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി. നാല് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. രാജസ്ഥാന്‍ മുന്നോട്ടുവച്ച 170 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. ദിനേശ് കാര്‍ത്തിക് ഷഹ്‌ബാസ് അഹമ്മദ് എന്നിവരുടെ മികവിലാണ് ആര്‍സിബിയുടെ ജയം.

മറുപടി ബാറ്റിംഗില്‍ അനുജ് റാവത്തും ഫാഫ് ഡുപ്ലസിസും ഗംഭീര തുടക്കം ആര്‍സിബിക്ക് നല്‍കി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 48 റണ്‍സ് ഇരുവരും ചേര്‍ത്തു. പിന്നാലെ തൊട്ടടുത്ത ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 20 പന്തില്‍ 29 റണ്‍സെടുത്ത ഫാഫ്, ബോള്‍ട്ടിന്‍റെ കൈകളിലവസാനിച്ചു. റാവത്തിനെയാവട്ടെ (25 പന്തില്‍ 26) തൊട്ടടുത്ത ഓവറില്‍ സെയ്‌നി വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. ചാഹല്‍ വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ സഞ്ജുവിന്‍റെ പറക്കും ത്രോയില്‍ വിരാട് കോലി (6 പന്തില്‍ 5) റണ്ണൗട്ടായി. ചഹല്‍ കിംഗിനെ സ്റ്റംപ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഡേവിഡ് വില്ലി (2 പന്തില്‍ 0) ബൗള്‍ഡായി.

10 ഓവറില്‍ 68-4 എന്ന നിലയില്‍ പരുങ്ങി ആര്‍സിബി. 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ബോള്‍ട്ടിന്‍റെ പന്തില്‍ സെയ്‌നിയുടെ പറക്കും ക്യാച്ചില്‍ മടങ്ങി. എന്നാല്‍ ഷഹ്‌ബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് ഡികെ ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ പോരാട്ടം മുറുകി. ഇരുവരും സിക്‌സറുകളും ഫോറുകളുമായി രാജസ്ഥാന് കനത്ത വെല്ലുവിളിയുയര്‍ത്തി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷഹ്‌ബാസിനെ (26 പന്തില്‍ 45) ബൗള്‍ഡാക്കി ബോള്‍ട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. എങ്കിലും ഡികെ അവസാന ഓവറില്‍ ബാംഗ്ലൂരിനെ ജയിപ്പിച്ചു. ഡികെ 23 പന്തില്‍ 44 ഉം ഹര്‍ഷല്‍ നാല് പന്തില്‍ 9 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ജോസ് ബട്‌ലറും ഷിമ്രോന്‍ ഹെറ്റ്‌മെയറും ഇന്നിംഗ്‌സിലെ അവസാന പന്ത് വരെ ആവേശത്തോടെ ബാറ്റ് പിടിച്ചപ്പോള്‍ രാജസ്ഥാന്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 169 റണ്‍സെടുക്കുകയായിരുന്നു. പതര്‍ച്ചയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തുടങ്ങിയത്. ഡേവിഡ് വില്ലി എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വീ ജയ്സ്വാള്‍ കൂടാരം കയറി. ആറ് പന്തില്‍ നാല് റണ്‍സെടുത്ത ജയ്‌സ്വാളിനെ വില്ലി രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു. ജോസ് ബട്‌ലറും ദേവ്‌ദത്ത് പടിക്കലും 35-1 എന്ന സ്‌കോറില്‍ പവര്‍പ്ലേ വരെ സുരക്ഷിതമായി രാജസ്ഥാന്‍ ബാറ്റിംഗ് നയിച്ചു. ഇതിന് ശേഷം ബട്‌ലര്‍ കരുത്താര്‍ജിച്ചതോടെ രാജസ്ഥാന്‍ തിരിച്ചുവന്നു. എങ്കിലും 29 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും സഹിതം 37 റണ്‍സെടുത്ത പടിക്കലിനെ 10-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍, കോലിയുടെ കൈകളിലെത്തിച്ചു. 70 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 10 ഓവറില്‍ രാജസ്ഥാന്‍ 76-2. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ബട്‌ലര്‍-സഞ്ജു കൂട്ടുകെട്ടിലായി രാജസ്ഥാന്‍റെ പ്രതീക്ഷകള്‍. എന്നാല്‍ നേരിട്ട ആറാം പന്തില്‍ ഹസരങ്കയെ സിക്‌സര്‍ പറത്തി തുടങ്ങിയ സഞ്ജു ഒരു പന്തിന്‍റെ ഇടവേളയില്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. എട്ട് പന്തില്‍ അത്രതന്നെ റണ്‍സേ സഞ്ജു നേടിയുള്ളൂ.

ജോസ് ബട്‌ലറും ഷിമ്രോന്‍ ഹെറ്റ്‌മെയറും ക്രീസില്‍ നില്‍ക്കേ 15-ാം ഓവറിലാണ് രാജസ്ഥാന്‍ 100 കടക്കുന്നത്. ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 103-3. ബട്‌ലര്‍ക്ക് 33 പന്തില്‍ 37 ഉം ഹെറ്റ്മെയര്‍ക്ക് 14 പന്തില്‍ 11 ഉം റണ്‍സ് മാത്രമായിരുന്നു ഈ സമയമുണ്ടായിരുന്നത്. എങ്കിലും അവസാന രണ്ട് ഓവറുകള്‍ ബട്‌ലര്‍ ആളിക്കത്തിയപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തി. അവസാന രണ്ട് ഓവറില്‍ 42 റണ്‍സ് പിറന്നു. ഓപ്പണറായി ഇറങ്ങിയിട്ടും 19-ാം ഓവറിലാണ് ബട്‌ലര്‍ ഫിഫ്റ്റി തികച്ചത്. ബട്‌ലര്‍ 47 പന്തില്‍ 70 ഉം ഹെറ്റ്‌മെയര്‍ 31 പന്തില്‍ 42 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!