Sunday, August 31, 2025

ബിജെപിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ മതനിരപേക്ഷ – ജനാധിപത്യ കക്ഷികൾ ഒന്നിക്കണമെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ : ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും പാർട്ടി കോൺഗ്രസിൽ നടത്തും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി.

മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണം. ഇക്കാര്യത്തിൽ കോണ്‍ഗ്രസ്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കണം. വർഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌. വർഗീയതയോടുള്ള വിട്ടുവീഴ്‌ചാ മനോഭാവം കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കും. ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങൾക്ക്‌ ബദൽ സോഷ്യലിസമാണ്‌. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്‌. സമൂഹത്തിൽ അവർ കൊണ്ടുവരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന്‌ രാജ്യത്ത്‌ ഇടത്‌ പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ബിജെപി ആർഎസ്എസ് ഭരണത്തിൻ കീഴിൽ മതപരവും ജാതിപരവുമായ വേർതിരിവുകൾ തഴച്ചുവളരുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐ എം 23-ാം പാർട്ടി കോൺ​ഗ്രസിനെ അഭിവാദ്യം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസന പാതയിൽ ഏറെ മുന്നിലാണ്. എന്നാൽ വികസനം തടസ്സപ്പെടുത്താമെന്നാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിൽ സ്വാഗതം ആശംസിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാവിലെ സമ്മേളനത്തിന് തുടക്കം കുറിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. രാജ്യത്തിന്റെ മതേതരത്വത്തിന്‌ ഭീഷണിയാകുന്ന ബിജെപിയെ ഒറ്റപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന്‌ എസ്‌ ആർ പി പറഞ്ഞു.

വൈകിട്ട്‌ നാലിന്‌ രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന്‌ പൊതുചർച്ച തുടങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!