Saturday, August 30, 2025

യുക്രൈന് 100 മില്യൺ ഡോളർ സാമ്പത്തിക സഹായം നൽകാൻ യുഎസ്

വാഷിംഗ്ടണ്‍: യുക്രൈന് വന്‍ തുക സാമ്പത്തിക സഹായം നല്‍കാന്‍ ഒരുങ്ങി യുഎസ്. ഏകദേശം 100 മില്യണ്‍ ഡോളര്‍ സഹായമായി നല്‍കും എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.കഴിഞ്ഞ ദിവസം ബുച്ച പട്ടണത്തിന് സമീപത്ത് നിന്ന് കൂട്ട ശവക്കുഴികളും തെരുവില്‍ നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ സഹായം. നേരത്തെ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനുള്ള സാമ്പത്തിക സഹായവും.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പോലെയാണ് റഷ്യ പെരുമാറുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ചൊവ്വാഴ്ച യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ക്ക് റഷ്യന്‍ സേനയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. “ഇന്നലെയാണ് ബുച്ച ന ഗരത്തില്‍ നിന്ന് ഞാന്‍ മടങ്ങിയത്. അടുത്തിടെയാണ് റഷ്യന്‍ സൈന്യം ഇവിടെ നിന്ന് പിന്‍വാങ്ങിയത്. അവര്‍ അവിടെ ചെയ്യാത്ത കുറ്റങ്ങള്‍ ഇല്ല. റഷ്യന്‍ സൈന്യം എന്റെ രാജ്യത്തെ സേവിച്ച എല്ലാവരെയും തിരഞ്ഞുപിടിച്ച്‌ ബോധപൂര്‍വ്വം കൊന്നു,” യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ തന്റെ ആദ്യ പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

“റഷ്യന്‍ സൈന്യത്തെയും അവര്‍ക്ക് ഉത്തരവുകള്‍ നല്‍കിയവരെയും യുക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രസംഗത്തിന് ശേഷം, തെരുവുകളില്‍ കിടക്കുന്ന മൃതദേഹങ്ങളുടെ ഭയാനകമായ ചിത്രങ്ങള്‍, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍, വിവിധ നഗരങ്ങളിലെ കൂട്ടക്കുഴിമാടങ്ങളുടെ ചിത്രങ്ങള്‍ എന്നിവ കാണിക്കുന്ന ഒരു വീഡിയോ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്ലേ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മരിച്ചവരില്‍ ചിലരുടെ കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയിലും കുട്ടികളടക്കം വായ് പൊത്തി കെട്ടിയ നിലയിലായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പരമാവധി പ്രവേശനം നല്‍കണമെന്നും സത്യത്തിനും പൂര്‍ണ്ണ ഉത്തരവാദിത്തത്തിനും വേണ്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സ്വയം വിശേഷാധികാരമുള്ളവരായി കരുതുന്നവരും തങ്ങള്‍ക്ക് എന്തില്‍ നിന്നും രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നവരും യുദ്ധക്കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കുമെന്ന് കാണിക്കണമെന്ന്” അദ്ദേഹം പറഞ്ഞു. യുദ്ധവും ക്രൂരതയും തുടരുകയാണെങ്കില്‍, രാജ്യങ്ങള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വന്തം ആയുധങ്ങളുടെ ശക്തിയില്‍ മാത്രമേ ആശ്രയിക്കുകയുള്ളൂവെന്നും അന്താരാഷ്ട്ര നിയമങ്ങളെയും സ്ഥാപനങ്ങളെയും ആശ്രയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!