Monday, August 18, 2025

കനേഡിയൻ മലയാളികൾ ഇന്നലെയും ഇന്നും നാളെയും ( ഭാഗം -2)

കനേഡിയൻ രാഷ്ട്രീയത്തിൽ മലയാളികൾ തഴയപ്പെടുന്നുണ്ടോ?

ടൊറോൻ്റോ: നമ്മൾ മലയാളികൾ കാനഡയിൽ ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ ഒരുമിച്ച് നിൽക്കേണ്ട ആവശ്യകത ഒന്നാം ഭാഗത്ത് ചൂണ്ടിക്കാണിച്ചിരുന്നു.

ആ ലേഖനത്തിന് ശേഷം, പലരും വിളിച്ചും മെസേജ് അയച്ചും ചോദിച്ച ചില കാര്യങ്ങൾ കൂടി ഇവിടെ ഒന്ന് പ്രതിപാദിക്കണമെന്ന് തോന്നുന്നു.

മലയാളികളുടെ കമ്മ്യൂണിറ്റിയെ ഒരു വോട്ട് ബാങ്ക് പോലെ വികസിപ്പിക്കുന്നത് സമൂഹത്തിൽ കൂടുതൽ സ്പർദ്ദയും അകൽച്ചയും ഉണ്ടാക്കുവാൻ ഇടയാകില്ലേ എന്നതായിരുന്നു മിക്കവരുടേയും മുഖ്യമായ സംശയം.
നമ്മൾ മലയാളികൾ നാട്ടിലാണെങ്കിലും ഇവിടെയാണെങ്കിലും ദേശീയതയിൽ ഊന്നിയുള്ള രാഷ്ട്രീയത്തിനാണ് പ്രാമുഖ്യം നൽകുന്നത് എന്ന് കഴിഞ്ഞ ലേഖനത്തിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നതാണ്.

അതിൻ്റെ പരിണിത ഫലം എന്ത് എന്ന് നാം എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരു ഉദാഹരണം പറയാം, ഡോ.മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള UPA ഗവൺമെൻറിൽ നിർണ്ണായക സ്ഥാനമുണ്ടായിരുന്ന കേരളത്തിലെ എം.പിമാർക്ക് നമ്മുടെ സംസ്ഥാനത്തെ റയിൽ വികസനത്തിന് ആവശ്യമായ എത്രമാത്രം കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്? എത്ര രൂപ വകയിരുത്തിത്തന്നു? എത്ര ജോലി സാധ്യതകൾ തുറന്നു തന്നു? യഥാർത്ഥത്തിൽ ടിക്കറ്റ് എടുത്ത് മാത്രം യാത്ര ചെയ്യാൻ അറിയാവുന്ന നമ്മൾ ആരായി? ഈ ഒരു ഉദാഹരണത്തിൽ കാര്യം വ്യക്തമാണ്.

നമ്മൾ നാട്ടിലെ അതേ രീതി തന്നെ ഇവിടെയും തുടർന്നാൽ നമ്മൾ അടയ്ക്കുന്ന നികുതിയിൽ ഒരു ഭാഗം പോലും നമ്മുടെ കമ്മ്യൂണിറ്റിയുടെ വളർച്ചയ്ക്ക് സ്വീകരിക്കാൻ കഴിയാതെ വരും. ഫെഡറലും പ്രൊവിൻഷ്യലും ആയി രജിസ്റ്റർ ചെയ്ത പതിനായിരക്കണക്കിന് നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനുകൾ ഉണ്ട്.അതിൽ നമ്മുടെ കമ്യൂണിറ്റിയിൽ പെട്ടതും ഉണ്ട്. പക്ഷേ ഗവൺമെൻ്റ് സഹായം കമ്മ്യൂണിറ്റി ഡവലപ്മെൻ്റിന് സ്വീകരിച്ച എത്ര സംഘടനകൾ നമ്മുടെ ഇടയിൽ ഉണ്ട്? കമ്മ്യൂണിറ്റികളുടെ വികസനത്തിനായി ധാരാളം പണം നമ്മുടെ ഈ രാജ്യം ചിലവഴിക്കുന്നുണ്ട്. പക്ഷേ പലതും നാം അറിയുന്നില്ല എന്ന് മാത്രം. ഇവിടെയാണ് നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ജനപ്രതിനിധികളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.

എന്തൊക്കെയാണ് എവിടെയൊക്കെയാണ് നാം മാറേണ്ടത് അല്ലെങ്കിൽ മറ്റേണ്ടത് ?
രാഷ്ട്രീയത്തിൻ്റെ പ്രാധാന്യം നാം തിരിച്ചറിയണം. നമ്മുടെ അരാഷ്ട്രീയ കാഴ്ചപ്പാട് നാം മാറ്റണം. പലപ്പോഴും നമ്മുടെ ഇടയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ അരാഷ്ട്രീയ വാദികളും സ്വന്തം കാര്യം നോക്കുന്നവരുമായ ചുരുങ്ങുന്നതാണോ നാം നേരിടുന്ന പ്രധാന പ്രശ്നം എന്ന് ഒന്ന് വിലയിരുത്തണം.

നമ്മുടെ ഇടയിൽ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കണം.അതിനുള്ള സാധ്യതകൾ തേടണം.. ഇന്ന് അന്യ നാടുകളിൽ നിന്നും കുടിയേറി ഇവിടെ എത്തി മന്ത്രിമാരും എം പിമാരും, എം.പി പി മാരും ആയ എത്രയോ ആളുകൾ ഉണ്ട്‌, അവർ സ്വീകരിച്ച സമീപനം എന്തായിരിക്കും?അവരും ഇത്തരത്തിൽ ചിന്തിച്ചിരുന്നെങ്കിലോ?

നമ്മൾ ഒരു സംഘടന ഉണ്ടാക്കുന്നതോ അല്ലെങ്കിൽ ഒന്നോ രണ്ടോ കൂടിച്ചേരലുകൾ സംഘടിപ്പിക്കുന്നതിലോ മാത്രം ഒതുങ്ങിയാൽ മതിയോ?

ഇത്തരം കാര്യങ്ങൾക്ക് തുറന്ന ചർച്ചകൾക്കായി കൂടുതൽ വേദികൾ ഉണ്ടാകണം. നമ്മുടെ ഇടയിൽ അനുഭവ സമ്പത്തുള്ള മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കൾക്കും ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് വഹിക്കാനാകും.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും info@mcradio.ca എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക)

തുടരും…..

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!