പടിഞ്ഞാറൻ യൂറോപ്പിൽ താപനില അസാധാരണമാം വിധം വർദ്ധിച്ചതിന്റെ ഫലമായി സ്പെയിനിലും ജർമ്മനിയിലും പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുന്നതായി അഗ്നിശമന സേനാംഗങ്ങൾ.
സ്പെയിനിലെ ഏറ്റവും വലിയ നാശനഷ്ടം വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ സമോറയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ 25,000 ഹെക്ടറിലധികം (61,000 ഏക്കർ) നശിച്ചുവെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു. അതേസമയം ബെർലിനിനടുത്തുള്ള മൂന്ന് ഗ്രാമങ്ങളിലെ താമസക്കാരോട് വീട് വിടാൻ ഉത്തരവിട്ടതായി ജർമ്മൻ അധികൃതർ പറഞ്ഞു.
മൂന്ന് ദിവസത്തെ ഉയർന്ന താപനില, ശക്തമായ കാറ്റ്, കുറഞ്ഞ ഈർപ്പം എന്നിവയെ തുടർന്ന്, ഞായറാഴ്ച രാവിലെ താപനില കുറഞ്ഞതോടെ കുറച്ച് ആശ്വാസം ലഭിച്ചതായി സ്പാനിഷ് അധികൃതർ പറഞ്ഞു. സമോറയുടെ സിയറ ഡി ലാ കുലെബ്രയിൽ ആരംഭിച്ച തീപിടുത്തത്തിനെ തുടർന്ന് 18 ഗ്രാമങ്ങളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. കാലാവസ്ഥയിലെ പ്രതികൂലമായ മാറ്റം കാരണം തീ വീണ്ടും പടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ വർഷം മഴയുടെ കുറവും ആഞ്ഞടിക്കുന്ന കാറ്റും തീപിടിത്തത്തിന് സാഹചര്യമൊരുക്കി. 70 കി.മീ (43 മൈൽ) വേഗതയിൽ വീശിയടിക്കുന്ന കാറ്റ് ക്രമരഹിതമായി ഗതി മാറി, 40 ഡിഗ്രി സെൽഷ്യസിനടുത്തുള്ള താപനിലയും കൂടിച്ചേർന്ന് ജോലിക്കാർക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയതായി അധികൃതർ പറഞ്ഞു.
ബുധനാഴ്ചയുണ്ടായ കൊടുങ്കാറ്റിനെ തുടർന്നാണ് സമോറയിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പടരുന്ന തീയെത്തുടർന്ന് മാഡ്രിഡിൽ നിന്ന് സ്പെയിനിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കുള്ള അതിവേഗ ട്രെയിൻ സർവീസ് ശനിയാഴ്ച വെട്ടിക്കുറച്ചു. ഞായറാഴ്ച രാവിലെയാണ് ഇത് പുനഃസ്ഥാപിച്ചത്. സമോറ, നവാര, ലെയ്ഡ എന്നിവിടങ്ങളിൽ സൈനിക അഗ്നിശമന യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.
നവാരയിലെ ഒരു അനിമൽ പാർക്കിൽ നിന്ന് ചില വന്യമൃഗങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കാള വളയത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.
വടക്കുകിഴക്കൻ കാറ്റലോണിയയുടെ ഭാഗങ്ങളായ ലെയ്ഡ, ടാരഗോണ, ബാഴ്സലോണയുടെ തെക്ക് ഗരാഫിലെ പ്രകൃതി പാർക്ക് എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്നു. ലെയ്ഡയിൽ 2,700 ഹെക്ടർ (6,600 ഏക്കർ) കത്തിനശിച്ചതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാറ്റലോണിയയിൽ മാത്രം 200-ലധികം വ്യത്യസ്ത കാട്ടുതീയോട് പ്രതികരിച്ചതായി അവർ കൂട്ടിച്ചേർത്തു.
ജർമ്മനിയിൽ, ബെർലിനിൽ നിന്ന് 50 കിലോമീറ്റർ (31 മൈൽ) തെക്കുപടിഞ്ഞാറായി തീ പടർന്നതോടെ പ്രദേശത്തു ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്രോൻസ്‌ഡോർഫ്, ടിഫെൻബ്രൂണൻ, ക്ലോസ്‌ഡോർഫ് എന്നിവിടങ്ങളിലെ ഗ്രാമവാസികളോട് അടുത്തുള്ള പട്ടണമായ ട്രൂൻബ്രിറ്റ്‌സണിലെ ഒരു കമ്മ്യൂണിറ്റി സെന്ററിൽ ഉടൻ അഭയം തേടാനും അധികൃതർ നിർദ്ദേശിച്ചു.