Sunday, February 15, 2026

253.6 കോടി; നീരവ് മോദിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തു കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

ഹോങ്കോങ്ങില്‍ സ്വകാര്യ വോള്‍ട്ടുകളില്‍ സൂക്ഷിച്ചിരുന്ന വജ്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും അവിടെ നീരവ് മോദി കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിച്ചിരുന്ന തുകയും ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്തി കണ്ടുകെട്ടുകയായിരുന്നു. നേരത്തെ ബ്രിട്ടണും അമേരിക്കയും അടക്കമുള്ള നാല് വിദേശരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള 637 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
വളരെ അപൂര്‍വ്വമായേ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാറുള്ളൂ. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എല്‍.എ) പ്രകാരമായിരുന്നു നടപടി.

ഇതോടെ നീരവ് മോദിയുടെയും കൂട്ടാളികളുടെയും 1389 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി ചിലതെല്ലാം ബാങ്കുകള്‍ക്കു കൈമാറി.
നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയുമാണ് വായ്പ്പാത്തട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍. അഴിമതി പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് നീരവ് മോദിയുടെ ഇന്ത്യയിലെയും വിദേശത്തെയുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിച്ചത്.

പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന് 16,000 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദി ലണ്ടനിലെ ജയിലിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!