ജമ്മുകശ്മീരില്‍ ബിഎസ്എഫിന് നേരെ പാകിസ്ഥാന്‍ ആക്രമണം. ഇന്ന് രാവിലെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. അതിര്‍ത്തി രക്ഷാ സേന സൈനികരെ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ റേഞ്ചേഴ്സ് വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണമെന്നും ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറിലുണ്ടായ വെടിവയ്പ്പിന് തക്കതായ മറുപടി ബിഎസ്എഫ് നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ഇന്ന് രാവിലെ, ബിഎസ്എഫ് പട്രോളിങ് പാര്‍ട്ടിക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതിന് ഉചിതമായ മറുപടിയാണ് ബിഎസ്എഫ് സൈനികര്‍ നല്‍കിയത്’ ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് പി എസ് സന്ധു പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ബിഎസ്എഫ് ജമ്മു പബ്ലിക് റിലേഷന്‍സ് ഓഫീസറും അറിയിച്ചു. 2020 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരുന്നു.
