ഒട്ടാവ: കാനഡ 40,000 അഫ്ഗാൻ പൗരന്മാരെ കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും പുനരധിവസിപ്പിക്കാനുള്ള കഠിനാധ്വാനം തുടരുന്നതായി ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ.
‘കാനഡയിലേക്ക് അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നത് രാജ്യത്തിന്റെ ദീർഘകാലവും അഭിമാനകരവുമായ മാനുഷിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, 2021 ഓഗസ്റ്റ് മുതൽ കാനഡ ഇതുവരെ 20,000 അഫ്ഗാൻ അഭയാർത്ഥികളെ സ്വാഗതം ചെയ്തതായി സീൻ ഫ്രേസർ പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്നുള്ള ചാർട്ടർ ഫ്ലൈറ്റിൽ ഏറ്റവും അവസാനം 337 പേരാണ് ടൊറോൻ്റോയിൽ, ഗവൺമെന്റ് സഹായത്തോടെ എത്തിയത്.
അബോട്ട്സ്ഫോർഡ് (BC), കാൽഗറി (AB), വിൻഡ്സർ (ON) എന്നിവയുൾപ്പെടെ കാനഡയിലുടനീളമുള്ള കമ്മ്യൂണിറ്റികളിൽ ഇവർക്ക് സ്ഥിരതാമസമൊരുക്കും.
ചുരുങ്ങിയത് 40,000 അഫ്ഗാൻ പൗരന്മാരെയെങ്കിലും പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തിന്, മുഴുവൻ സർക്കാർ സമീപനവും ശക്തമായ ആഭ്യന്തര, അന്തർദേശീയ പങ്കാളിത്തവും ആവശ്യമാണ്.
പ്രവിശ്യകളുടെയും പ്രദേശങ്ങളുടെയും, പുനരധിവാസ സേവന ദാതാക്കൾ, അഫ്ഗാൻ അഭയാർത്ഥികളെ സ്പോൺസർ ചെയ്യുകയും, അവർക്കാവശ്യമായ സാധനങ്ങളും മറ്റും സംഭാവന ചെയ്യുകയും, പുതുതായി വരുന്നവരെ അവരുടെ കമ്മ്യൂണിറ്റികളിൽ സ്ഥിരതാമസമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്), യുഎഇ, പാകിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര പങ്കാളികളുടെ നിലവിലുള്ള സഹകരണവും, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ), ഫ്രണ്ട്‌ലൈൻ ഡിഫൻഡേഴ്‌സ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും റഫറൽ പങ്കാളികളുടെയും അശ്രാന്തമായ പ്രവർത്തനവും വിലമതിക്കുന്നു എന്നും ഫ്രേസർ പറഞ്ഞു.
നിലവിലുള്ള വെല്ലുവിളികളും ബുദ്ധിമുട്ടുള്ള ജോലികളും ഉണ്ടായിരുന്നിട്ടും, 2023 അവസാനത്തോടെ കാനഡയിലേക്ക് 40,000 അഫ്ഗാനികളെയെങ്കിലും പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.