കാനഡയിൽ മലയാളികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനൊപ്പം ട്രക്കിങ്ങ് മേഖലയിലേയ്ക്ക് തിരിയുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കാനഡയിലെ ഇന്നത്തെ വർധിച്ച ജീവിത ചിലവ് കൂടുതൽ ആളുകളെ ട്രക്കിങ്ങ് മേഖലയിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.
ട്രക്കിങ്ങ് മേഖലയിൽ ഡ്രൈവർമാർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർചിത്രം വരച്ച് കാട്ടി ട്രക്കിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ബിബിൻ രാജനും സിജു ജോണും എഴുതുന്ന ലേഖന പരമ്പര “കനേഡിയൻ മലയാളി ട്രക്കർമാർ ” എന്ന പരമ്പര ഇവിടെ തുടങ്ങുന്നു.
ട്രക്കർമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബ ജീവിതത്തിൻ്റെ താളം തെറ്റിക്കുന്ന അവസ്ഥയെ അതിജീവിക്കുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. മലയാളി ട്രക്കർമാരെ സഹായിക്കാൻ ഇന്ന് രണ്ട് സംഘടനകൾ നിലവിൽ ഉണ്ട്. മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയും ( MTAC), കേരളാ ട്രക്കേഴ്സ് ഇൻ കാനഡയും(KTC). ഇരു സംഘടനകളിലുമായി ഏകദ്ദേശം അറുനൂറോളം അംഗങ്ങളാണ് ഉള്ളത്. അത് പോലെ ഇരു സംഘടനകളിലും പെടാത്ത നിരവധി ആളുകളും ഉണ്ട്.
പലരും ട്രക്കിങ്ങ് എന്ന് കേൾക്കുമ്പോൾ ചിന്തിക്കുന്നത് പ്രതിമാസം 7000 ഡോളർ മുതൽ 10000 ഡോളർ വരെ സമ്പാദിക്കുന്ന ഒരു ജോലിയായാണ്. പക്ഷേ ആ സമ്പാദനത്തിന് പിന്നിലെ കഷ്ട്ടപ്പാട് അറിയണമെങ്കിൽ നിങ്ങൾ ട്രക്കർമാരുടെ ഈ അനുഭവ കഥകൾ നിങ്ങൾ ഒന്ന് വായിക്കണം.
ട്രക്കിങ്ങ് മേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ട്രക്കിങ്ങ് മേഖലയെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ ലേഖന പരമ്പര ഒരു സഹായകരം ആകും.