ടൊറോൻ്റോ : നാട്ടിലേയ്ക്ക് യാത്ര ചെയ്ത 82 വയസുള്ള മലയാളി വനിത അടങ്ങുന്ന കുടുംബത്തെ വലച്ച് എയർ കാനഡ. യാത്രക്കൊടുവില് വനിതയെ ആശുപത്രിയില് പ്രവേശിപ്പിക്കേണ്ടിവന്നു. കുടുംബത്തിന്റെ മുഴുവന് ലഗേജുകളും യാത്രക്കിടെ നഷ്ടമാകുകയും ചെയ്തു.
ഞായറാഴ്ച രാത്രി ടൊറന്റോയില്നിന്ന് ദുബായ് വഴിയാണ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടത്. ടൊറന്റോയില് നിന്ന് ദുബായ് വരെ എയര് കാനഡയും തുടര്ന്ന് കൊച്ചി വരെ എമിറേറ്റ്സുമായിരുന്നു യാത്രാസൗകര്യം ഒരുക്കേണ്ടിയിരുന്നത്. എയര് കാനഡ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് ദുബായില് എത്തിയത്. ദുബായ്-കൊച്ചി വിമാനം പുറപ്പെടാന് അപ്പോഴും ഒന്നര മണിക്കൂറോളം ബാക്കിയുണ്ടായിരുന്നു. എന്നാല്, തങ്ങളുടെ ടിക്കറ്റ് മറ്റൊരു റൂട്ടില് മാറ്റി എന്ന അറിയിപ്പാണ് കുടുംബത്തിന് ദുബായ് എയര്പോര്ട്ടില്നിന്ന് ലഭിച്ചത്. കൊച്ചി വിമാനം പുറപ്പെടാന് ഇനിയും സമയമുണ്ടല്ലോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല.
ദുബായിയില്നിന്ന് റിയാദിലേക്ക് എമിറേറ്റ്സ് വിമാനത്തിലും അവിടെനിന്ന് കൊച്ചിയിലേക്ക് സൗദി എയര്ലൈന്സിലും പോകണമെന്നായിരുന്നു കുടുംബത്തിന് കിട്ടിയ നിര്ദേശം. റിയാദില് എത്തിയാല് ഒമ്പത് മണിക്കൂര് കഴിഞ്ഞായിരുന്നു അടുത്ത വിമാനം. 13 മണിക്കൂറോളം ദീര്ഘയാത്ര കഴിഞ്ഞുവന്ന വൃദ്ധവനിതയെയുമായി ഇനി രണ്ട് വിമാനംകൂടി മാറിക്കയറുകയും ഒമ്പത് മണിക്കൂര് കാത്തിരിക്കുകയും ചെയ്യുക പ്രയാസകരമാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പരാതിയുണ്ടെങ്കില് ടിക്കറ്റ് ബുക്ക് ചെയ്ത എയര് കാനഡയെ സമീപിക്കാനായിരുന്നു എമിറേറ്റ്സ് അധികൃതരുടെ നിലപാട്.
വിമാനം ടൊറന്റോയില്നിന്ന് പുറപ്പെട്ട് അഞ്ചര മണിക്കൂര് കഴിഞ്ഞപ്പോള്തന്നെ ടിക്കറ്റില് മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ദുരൂഹമാണെന്ന് യാത്രക്കാര് ചൂണ്ടിക്കാട്ടുന്നു. വൃദ്ധവനിതയ്ക്ക് വേണ്ടി സസ്യാഹാരം ടിക്കറ്റിനൊപ്പംതന്നെ ബുക്ക് ചെയ്തിരുന്നു. എന്നാല്, ആദ്യവിമാനത്തില് മാത്രമാണ് സസ്യാഹാരം ലഭ്യമായത്. ദീര്ഘയാത്രയ്ക് പുറമേ ഭക്ഷണം ലഭിക്കാതിരുന്നതുമാണ് വൃദ്ധവനിതയുടെ ആരോഗ്യം മോശമായത്. ചികിത്സ ലഭ്യമാക്കിയതിനെത്തുടര്ന്ന് ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ മൂന്നിന് കൊച്ചിയില് എത്തേണ്ടിയിരുന്ന കുടുംബം വൈകിട്ട് 6.15നാണ് എത്തിച്ചേര്ന്നത്. കൊച്ചിൽ എത്തിയപ്പോൾ മുഴുവൻ ലഗേജും നഷ്ട്ടപ്പെട്ടു എന്ന വിവരമാണ് അറിയുന്നത്. ലഗേജ് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം പരസ്പരം ആരോപിച്ച് കൈമലര്ത്തുകയാണ് തുടക്കത്തില് വിമാനക്കമ്പനികള് ചെയ്തത്.
ലഗേജുകള് കൊച്ചിയില് എത്തിച്ചിട്ടുണ്ടെന്നാണ് യാത്രക്കാര്ക്ക് ഒടുവില് കിട്ടിയിട്ടുള്ള അറിയിപ്പ്. എന്നാല്, വിമാനത്താവളത്തിലെത്തി ലഗേജ് ഏറ്റുവാങ്ങാണമെന്നാണ് നിര്ദേശം. യാത്രക്കിടയില് നഷ്ടമായ ലഗേജുകള് മൂന്നു ദിവസത്തിനുള്ളില് യാത്രക്കാരുടെ മേല്വിലാസത്തില് എത്തിച്ചു നല്കണമെന്ന വ്യവസ്ഥ നിലവിലുള്ളപ്പോഴാണ് ഇത്.
ടിക്കറ്റുകള്ക്ക് തീവില ഈടാക്കുമ്പോഴും വിമാനക്കമ്പനികള് യാത്രക്കാര്ക്ക് നല്കുന്ന മോശം സേവനത്തെക്കുറിച്ച് മുമ്പും പരാതികള് ഉണ്ടായിട്ടുണ്ട്. തങ്ങള്ക്ക് നേരിട്ട ബുദ്ധിമുട്ടുകള് ചൂണ്ടിക്കാട്ടി, ഉത്തരവാദികളായ വിമാനക്കമ്പനികള്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വൃദ്ധയാത്രക്കാരിയുടെ കുടുംബം.
