ടൊറന്റോ വെസ്റ്റ് എൻഡിലെ ഫാർമസിയിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് കൗമാരക്കാരായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. ബ്ലൂർ സ്ട്രീറ്റ് വെസ്റ്റിനും ലാൻസ്‌ഡൗൺ അവന്യൂവിനും സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.
ബ്രാംപ്ടൺ സ്വദേശികളായ 15 വയസ്സുള്ള രണ്ട് ആൺകുട്ടികളും മിസിസ്സാഗയിൽ നിന്നുള്ള 16 വയസുകാരനുമാണ് അറസ്റ്റിലായത്. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതികളുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് അറിയിച്ചു.
മോഷ്ടിച്ച വാഹനത്തിൽ ഫാർമസിക്ക് സമീപം ഐഡന്റിറ്റി മറയ്ക്കാൻ മുഖംമൂടി ധരിച്ച് എത്തിയ പ്രതികളിൽ രണ്ടു പേർ ഫാർമസിയിൽ പ്രവേശിച്ച് മയക്കുമരുന്ന് ആവശ്യപ്പെട്ടതായി ടൊറന്റോ പോലീസ് അറിയിച്ചു. മോഷ്ടിച്ച മയക്കുമരുന്നുമായി പ്രതികൾ സംഭവസ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അൽപ്പനേരത്തെ അന്വേഷണത്തിനൊടുവിൽ മൂന്ന് പ്രതികളെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞതായി പോലീസ് പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത്, പ്രതികളിൽ നിന്നും ഒരു കൈത്തോക്കും മോഷ്ടിച്ച മയക്കുമരുന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മൂവർക്കുമെതിരെ കവർച്ച, ആൾമാറാട്ടം, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വയ്ക്കൽ തുടങ്ങി ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
