പി പി ചെറിയാൻ
അയോവ : മരിച്ചെന്ന് കരുതി സംസ്‌ക്കാരത്തിന് കൊണ്ടു പോയ വയോധികയെ ജീവനോടെ കണ്ടെത്തി. അയോവയിലാണ് സംഭവം. ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ അവിടെ സംസ്‌കരിക്കാനായി ബോഡി ബോഗ് തുറന്നപ്പോഴാണ് വയോധിക മരിച്ചിട്ടില്ലെന്ന് വിവരം അറിയുന്നു. സംഭവത്തെ തുടര്‍ന്ന് അയോവയിലെ കെയര്‍ ഫെസിലിറ്റിക്ക് 10,000 ഡോളര്‍ പിഴ ചുമത്തി. 66ക്കാരി മരിച്ചുവെന്ന് തെറ്റായി പ്രഖ്യാപിക്കുകയും ശവസംസ്‌കാരത്തിന് കൊണ്ടുപോവുകയും ചെയ്തതിനാണ് പിഴ ചുമത്തിയത്.
2021 ഡിസംബര്‍ മുതല്‍ ഗ്ലെന്‍ ഓക്‌സ് അല്‍ഷിമേഴ്‌സ് സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന വൃദ്ധയെ മസ്തിഷ്‌ക വൈകല്യം കാരണം 2022 ഡിസംബര്‍ 28-ന് ഹോസ്പിസ് കെയറിലേക്ക് മാറ്റി.
ചികിത്സയ്ക്കിടെ പുരോഗതി കൈവരിച്ച രോഗിയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി.
2022 ജനുവരി 3ന് സ്ത്രീയ്ക്ക് നാഡിമിടിപ്പ് ഇല്ലെന്നും അവര്‍ ശ്വസിക്കുന്നില്ലെന്നും ഒരു ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാവിലെ 6 മണിക്ക് വൃദ്ധ മരിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു. സ്റ്റാഫ് അംഗം ലൈസന്‍സുള്ള നഴ്സിനെ വിവരം അറിയിച്ചു. സ്ത്രീയുടെ കുടുംബത്തെ വിവരം അറിയിക്കുകയും പ്രാദേശിക ശവസംസ്‌കാര കേന്ദ്രത്തിലേക്കും വിവരം കൈമാറുകയും ചെയ്തു.
രാവിലെ 7:30 ന് ശേഷം ഒരു ഫ്യൂണറല്‍ ഡയറക്ടര്‍ എത്തി നഴ്സിന്റെ സഹായത്തോടെ മൃതദേഹം ബോഡി ബാഗില്‍ കിടത്തി സിപ്പ് അടച്ചു. ഫ്യൂണറല്‍ ഡയറക്ടര്‍ താമസിയാതെ സ്ഥലം വിട്ടു. രാവിലെ 8.26ന് ഫ്യൂണറല്‍ ഹോമിലെയും ക്രിമേറ്ററിയിലെയും ജീവനക്കാര്‍ ബാഗ് അഴിച്ചുമാറ്റി.
അവര്‍ മൃതദേഹത്തിന്റെ നെഞ്ച് ചലിക്കുന്നത് നിരീക്ഷിച്ചു, ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഫ്യൂണറല്‍ ഹോം 911 എന്ന നമ്പറിലും പരിചരണ കേന്ദ്രത്തിലും വിളിച്ചു. തുടര്‍ന്ന് നാഡിമിടിപ്പും ശ്വാസവും ഉണ്ടെന്ന് കണ്ടെത്തി. പക്ഷേ കണ്ണിന്റെ ചലനമോ വാക്കാലുള്ള പ്രതികരണമോ ഉണ്ടായില്ല. അന്നുതന്നെ കുടുംബത്തോടൊപ്പം തിരിച്ചയച്ചെങ്കിലും ജനുവരി 5ന് വൃദ്ധ മരിച്ചു.
‘റെസിഡന്‍ഷ്യല്‍ കെയര്‍ ഫെസിലിറ്റി രോഗിയുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടതിന്’ സംഭവത്തില്‍ രോഗിക്ക് ജീവിതാവസാനം പരിചരണം ലഭിച്ചിരുന്ന ഗ്ലെന്‍ ഓക്‌സ് അല്‍ഷിമേഴ്‌സ് സ്‌പെഷ്യല്‍ കെയര്‍ സെന്ററിന് 10,000 ഡോളര്‍ പിഴ ചുമത്തി.