തുര്‍ക്കി-സിറിയയും തകര്‍ത്തെറിഞ്ഞ ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോള്‍ മരണ സംഖ്യ 21,051 ആയി ഉയര്‍ന്നു. തുര്‍ക്കിയിലെയും സിറിയയിലെയും പരിക്കേറ്റവരുടെ എണ്ണം 75592 ആയി ഉയര്‍ന്നു. രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമായി ഭൂചലനം മാറി. 1999ല്‍ വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഉണ്ടായ സമാനമായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെ മറികടന്നിരിക്കുകയാണ് വ്യാപ്തിയിലും, മരണസംഖ്യയിലും ഈയാഴ്ച ഉണ്ടായ ഭൂകമ്പം.

തുര്‍ക്കിയിലെ മരണസംഖ്യ 17,500ന് മുകളിലാണ്. ഭൂകമ്പത്തില്‍ 70,347ഓളം പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലുവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ ആകെ മരണസംഖ്യയും 3,400ഓളമാണ്. സിറിയയില്‍ പരിക്കേറ്റവരുടെ എണ്ണം 5,245 ആയി.

സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 2,295ഓളം പേര്‍ക്കും വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 2,950ഓളം പേര്‍ക്കും പരിക്കേറ്റു. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനവും സഹായവും വേഗത്തിലാക്കാന്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

തുര്‍ക്കിയിലെ ബൊഗാസിസി യൂണിവേഴ്സിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്റാമന്‍മാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനിടയിലും ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിരവധി രാജ്യങ്ങള്‍ സഹായ ഹസ്തവുമായി എത്തി കൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഭൂകമ്പബാധിതര്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.