അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. ഇത്തവണ ടെക്‌സസിലെ ഷോപ്പിങ് മാളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു.
ടെക്സസിലെ എല്‍ പാസോയിലെ സിലോ വിസ്റ്റ മാളില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ നടത്തുകയാണ്.
‘ഞങ്ങള്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ കൂടി ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് മാളില്‍ വ്യാപകമായ തിരച്ചില്‍ നടക്കുന്നത്,’ പോലീസ് വക്താവ് റോബര്‍ട്ട് ഗോമസ് പറഞ്ഞു.
വെടിവെപ്പിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ അവസ്ഥയെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
2019-ല്‍ നടന്ന ഒരു കൂട്ട വെടിവയ്പില്‍ 23 പേര്‍ കൊല്ലപ്പെടുകയും രണ്ട് ഡസനോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാള്‍മാര്‍ട്ടിനോട് ചേര്‍ന്നാണ് ഈ മാള്‍.