അഖില സുരേഷ്
വളരെ പ്രതീക്ഷയോടെ റിലീസിനെത്തി സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് മോഹന്‍ലാലിന്റെ ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തിയേറ്റര്‍, ഒടിടി റിലീസിന് ശേഷം ചിത്രം പരക്കെ വിമര്‍ശിക്കപ്പെട്ടു. അതില്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ആറാട്ട് എന്റെ സോണിലുള്ള സിനിമ ആയിരുന്നേയില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയ് കൃഷ്ണ എന്നെ സമീപിക്കുകായായിരുന്നു. ഈ കഥാപാത്രം രസമല്ലേയെന്നും അതില്‍ വര്‍ക്ക് ചെയ്തുകൂടേ എന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്.
മോഹന്‍ലാലിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കില്‍ രസകരമായിരിക്കുമെന്ന് എനിക്ക് തോന്നി. ഇത് വേറൊരു നടനോട് പോയി പറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ സമ്മതിക്കില്ല. ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് ചെയ്തുകൂടാ” എന്നായിരുന്നു മറുപടി. പക്ഷേ ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്‍ക്ക് പിഴവ് പറ്റിയത്. രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. മോഹന്‍ലാലിനോട് അല്ലാതെ പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരൊക്കെ ഈ മുഴുവന്‍ സ്പൂഫ് എന്ന ആശയത്തില്‍ സംശയം പ്രകടിപ്പിച്ചു. ആകെ സ്പൂഫ് ആണെങ്കില്‍ ആളുകള്‍ എന്തു പറയുമെന്നാണ് പലരും ചോദിച്ചത്. അതോടെ ഞങ്ങളും സംശയത്തിലായി.
ആ സ്പൂഫില്‍ പലതും വര്‍ക്ക് ആയുമില്ല. പ്രേക്ഷകര്‍ അത് വെറും റെഫറന്‍സുകള്‍ മാത്രമായാണ് കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്‌നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം. തളര്‍ന്നുകിടക്കുന്ന ആള് പാട്ടു കേട്ട് എഴുന്നേറ്റുവരുന്ന രംഗം തന്നെ ‘ചന്ദ്രലേഖ’ സിനിമയുടെ സ്പൂഫ് ആയി ചെയ്തതാണ്. പക്ഷേ ആളുകള്‍ അതിനെ അങ്ങനെയല്ല കണ്ടത്.
മമ്മൂക്കയുടെ കിങ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. പക്ഷേ പിന്നീടുള്ള ഏരിയയില്‍ ഇതെല്ലാം മിസ് ചെയ്തും. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല പെട്ടന്ന് നെയ്യാറ്റിന്‍കര ഗോപന്‍ ഒരു ഏജന്റ് ആണെന്ന് പറഞ്ഞത് പ്രേക്ഷകര്‍ക്ക് ബാലിശയമായി തോന്നി. ഏജന്റ് ഫാക്ടര്‍ തമാശയായി എടുത്തതാണ് പക്ഷേ അതെല്ലാം ഗൗരവകരനായി. അതുമായി ബന്ധപ്പെട്ട ട്രോളുകളെല്ലാം നീതികരിക്കപ്പെടാവുന്നതാണ്.