പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തതായി പെൻസിൽവാനിയ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ വെസ്റ്റ് റീഡിംഗ് ബറോയിലെ ആർ.എം. പാമർ കമ്പനി പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തിൽ ഒരു കെട്ടിടം തകരുകയും സമീപത്തെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്നും സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് മേധാവി വെയ്ൻ ഹോൾബെൻ പറഞ്ഞു. വാതക ചോർച്ചയുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അധികൃതർ അന്വേഷിക്കുകയാണെന്ന് പെൻസിൽവാനിയ എമർജൻസി മാനേജ്‌മെന്റ് ഏജൻസി വക്താവ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം എട്ട് പേരെ റീഡിംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ടവർ ഹെൽത്ത് വക്താവ് ജെസീക്ക ബെസ്‌ലർ പറഞ്ഞു. അവരിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അവർ അറിയിച്ചു. തകർന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ചില താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായി വെസ്റ്റ് റീഡിംഗ് ബറോ മാനേജർ ഡീൻ മുറെ പറഞ്ഞു.
1948 മുതൽ പ്രവർത്തിക്കുന്ന കമ്പനിയിൽ 850 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.