മോസ്കോയിൽ ഒരു റിപ്പോർട്ടറെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് റഷ്യയിൽ താമസിക്കുന്ന എല്ലാ അമേരിക്കക്കാരോടും രാജ്യം വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ നിർദ്ദേശിച്ചു. വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) അമേരിക്കൻ റിപ്പോർട്ടർ ഇവാൻ ഗെർഷ്‌കോവിച്ചിനെയാണ് ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്തത്.
യുഎസ് പൗരനായ പത്രപ്രവർത്തകനെ തടങ്കലിൽ വച്ചിരിക്കുന്ന റഷ്യയുടെ നടപടിയിൽ ആശങ്കയുണ്ടെന്നും വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യുഎസ് പൗരന്മാർ റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും താമസിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകരെയും പൗരന്മാരെയും ഭയപ്പെടുത്താനും അടിച്ചമർത്താനും ശിക്ഷിക്കാനുമുള്ള ക്രെംലിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും ആന്റണി ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യയിൽ ഇവാൻ ഗെർഷ്‌കോവിച്ചിന്റെ അറസ്റ്റിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറും ആശങ്ക രേഖപ്പെടുത്തി.
