ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ ടിടിസി യാത്രക്കാർ ഉൾപ്പെടുന്ന ആക്രമണ സംഭവങ്ങളുടെ എണ്ണം ഏകദേശം 20 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 136 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെബ്രുവരിയിൽ 111 സംഭവങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തുടർച്ചയായി നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും അടക്കം സുരക്ഷാ പരിഗണിച്ച് 80 ടൊറന്റോ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച ഫെബ്രുവരിയിൽ കുറ്റകൃത്യങ്ങളിൽ 18 ശതമാനം കുറവുണ്ടായി. കൂടാതെ ടിടിസി ജീവനക്കാർക്കെതിരായ ആക്രമണങ്ങളിലും കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ 99 കുറ്റകൃത്യങ്ങളും ജനുവരിയിൽ 103 കുറ്റകൃത്യങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
പ്രതിമാസം ഏകദേശം 1.5 മില്യൺ ഡോളർ ചെലവിൽ ഓവർടൈം ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് പുതുതായി സുരക്ഷാക്രമീകരണങ്ങൾക്കായി ടിടിസിയിൽ പ്രവർത്തിക്കുന്നത്. അമ്പത് സുരക്ഷാ ഗാർഡുകളെയും 20 കമ്മ്യൂണിറ്റി സേഫ്റ്റി അംബാസഡർമാരെയും ഇപ്പോഴും താൽക്കാലികമായി നിയോഗിച്ചിട്ടുണ്ടെന്നും സിറ്റി അധികൃതർ അറിയിച്ചു.
ആക്രമണങ്ങൾ പതിവായതോടെ ടൊറന്റോയിലെ മേയർ തിരഞ്ഞെടുപ്പിന്റെ ഒരു കേന്ദ്രബിന്ദുവായി ടിടിസിയിലെ സുരക്ഷ മാറി. ടിടിസിക്ക് ഭൂഗർഭ മൊബൈൽ സേവനം ലഭിക്കുന്നതുവരെ സിറ്റി സെല്ലുലാർ കരാറുകൾ വെട്ടിക്കുറയ്ക്കുമെന്ന് സ്ഥാനാർത്ഥി അന ബെയ്‌ലാവോ പറഞ്ഞു. ടൊറന്റോയുടെ ട്രാൻസിറ്റ് സുരക്ഷാ പ്രശ്‌നങ്ങൾക്കുള്ള ഉത്തരമായി “കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് സേഫ്റ്റി ഫണ്ട്” ആരംഭിക്കുമെന്ന് സ്ഥാനാർത്ഥി ജോഷ് മാറ്റ്ലോ വാഗ്ദാനം നൽകി. സ്ഥാനാർത്ഥികളായ ബ്രാഡ് ബ്രാഡ്‌ഫോർഡും മിറ്റ്‌സി ഹണ്ടറും ടിടിസിയുടെ സുരക്ഷാ പ്രശ്‌നം ഉയർത്തി കാട്ടുന്നു.