കുമളി: കേരളം വിട്ടിട്ടും റേഷനരിക്കു പിന്നാലെ അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മേഘമലയ്ക്കു സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻകടയുടെ വാതിലും ജനലും അരിക്കൊമ്പൻ തകർത്തെങ്കിലും അരി തിന്നാതെ മടങ്ങി. കടയുടെ സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ച് അരിക്കൊമ്പൻ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടുള്ള വിവരം അനുസരിച്ച് ആന കേരള-തമിഴ്നാട് അതിർത്തിയിലെ വട്ടപ്പാറയിലാണുള്ളത്.
പുലർച്ചെ രണ്ടിനു ശേഷമായിരുന്നു മണലാറിലെ ആക്രമണം. എസ്റ്റേറ്റിലെ റേഷൻകടയിൽ തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലും വാതിലുമാണു കൊമ്പൻ തകർത്തത്. സമീപത്തെ ലയത്തിന്റെ ഒരു വാതിൽ തുറക്കാനും ശ്രമിച്ചു.
ഇന്നലെ പുലർച്ചെയോടെ ആന പെരിയാർ കടുവാസങ്കേതത്തിലെ വനമേഖലയിലെത്തി. കാട്ടാന അതിർത്തി കടന്നെത്തിയപ്പോൾ അപ്പർമണലാർ ഭാഗത്ത് കേരള വനം വകുപ്പിന്റെ ഒരു താൽക്കാലിക ഷെഡ്ഡും ഭാഗികമായി തകർന്നുവീണു.
ഷെഡ് ആന തകർത്തതല്ലെന്നും കടന്നുപോയ വഴി യാദൃച്ഛികമായി തകർന്നു വീണതാണെന്നും വനം വകുപ്പ് അറിയിച്ചു. ഒരാഴ്ചയിലധികമായി മേഘമലയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി അരിക്കൊമ്പൻ ചുറ്റിത്തിരിയുകയാണ്. കഴുത്തിൽ റേഡിയോ കോളറുള്ളതിനാൽ അരിക്കൊമ്പനെ നാട്ടുകാർക്കു തിരിച്ചറിയാൻ എളുപ്പമാണ്. തമിഴ്നാട്ടിലെ ജനവാസമേഖലയിലിറങ്ങാതിരിക്കാൻ നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.