പാലക്കാട്: കേട്ടുകേൾവിയും സമാനതകളുമില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ തകർക്കുകയാണെന്നു ബിജെപി സംസ്ഥാന കമ്മിറ്റി. എല്ലാ വകുപ്പുകളും പൂർണ പരാജയമാണ്. പൊലീസ് ലഹരി മാഫിയയ്ക്കും ഗുണ്ടാസംഘത്തിനുമൊപ്പമാണ്. ആരോഗ്യവകുപ്പിൽ ജനങ്ങൾക്കു വിശ്വാസമില്ലാതായി. അഴിമതി നടത്താൻ മാത്രമായി പദ്ധതികൾ ആവിഷ്കരിക്കുന്നു.
താനൂർ ബോട്ട് ദുരന്തത്തിൽ മുസ്‌ലിം ലീഗ് മൗനം പാലിക്കുന്നതു ദുരൂഹമാണ്. ആദിവാസി യുവാക്കളെ സർക്കാർ കൊലയ്ക്കു കൊടുക്കുന്നു. മലപ്പുറം കിഴിശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശിയായ ആദിവാസി യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനം നൽകണം. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിനു കോടികൾ ചെലവഴിച്ചതോടെ സംസ്ഥാനം കൂടുതൽ പ്രതിസന്ധിയിലായി. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനെ തുണയ്ക്കുമെന്ന സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ലോക്സഭാ തിരഞ്ഞെടുപ്പിൽ അവരുണ്ടാക്കുന്നസഖ്യത്തിന്റെ സൂചനയെന്നും രാഷ്ട്രീയ പ്രമേയത്തിൽ ആരോപിച്ചു.
സാധാരണ അഴിമതികൾക്ക് ഇടനിലക്കാരുണ്ടാകുമെങ്കിൽ, കേരളത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് അതു നടത്തുന്നതെന്നു യോഗത്തിൽ അധ്യക്ഷനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ 20 മുതൽ വിവിധ സമരങ്ങൾ നടത്താൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. നരേന്ദ്ര മോദി സർക്കാർ ഒൻപതു വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം ഗൃഹസമ്പർക്കം, റാലി എന്നിവയുൾപ്പെടെ ഒരു മാസം നടത്തും. ഇതിനായി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു.
