കടുത്ത ചൂടിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സ്‌കൂളുകള്‍ അടച്ചു. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണതരംഗത്തിലൂടെയാണ് ബംഗ്ലാദേശ് കടന്നുപോകുന്നത്. കൂടാതെ വ്യാപകമായ പവര്‍കട്ടുകള്‍ പ്രദേശവാസികളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു.
ദക്ഷിണേഷ്യന്‍ രാജ്യത്തിന്റെ തലസ്ഥാനമായ ധാക്കയിലെ താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസായി (104 ഡിഗ്രി ഫാരന്‍ഹീറ്റ്) ഉയര്‍ന്നു. 1971-ല്‍ ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രയും നീണ്ട ഉഷ്ണതരംഗം ഞങ്ങള്‍ കണ്ടിട്ടില്ലെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബസലുര്‍ റാഷിദ് പറഞ്ഞു.
പതിനായിരക്കണക്കിന് പ്രൈമറി സ്‌കൂളുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി, എയര്‍ കണ്ടീഷണറുകള്‍ക്കും ഫാനുകള്‍ക്കുമുള്ള ആവശ്യം കുതിച്ചുയരുമ്പോഴും വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറച്ചു.