നഗരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ മോൺട്രിയലിൽ കനത്ത ഇടിമിന്നൽ മുന്നറിയിപ്പും നൽകിയതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. ലോംഗ്യുവിൽ, വരേന്നസ് മേഖലകളിലും കാലാവസ്ഥാ മുന്നറിയിപ്പ് ബാധകമാണെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
കനത്ത മഴ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കൂടാതെ ആലിപ്പഴം വീഴ്ച്ചയും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത് കൂടാതെ നഗരത്തിൽ കാട്ടുതീ പുക പടർന്നതിനെ തുടർന്ന് മോൺട്രിയലിൽ പുകമഞ്ഞിന്റെ മറ്റൊരു കാലാവസ്ഥാ പ്രസ്താവനയും പ്രാബല്യത്തിൽ ഉണ്ട്.

ഹൃദ്രോഗം, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ള ആളുകൾ വീടിനുവെളിയിൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കാണമെന്നും എൻവയോൺമെന്റ് കാനഡ നിർദ്ദേശിച്ചു. പുകമഞ്ഞ് മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ വരെ തുടരും. ശനിയാഴ്ച ഉച്ചയോടെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ വരെ ക്യൂബെക്കിൽ 100-ലധികം കാട്ടുതീ സജീവമായിരുന്നു. ഈ മാസം ആദ്യം ആരംഭിച്ച 160-ലധികം തീപിടിത്തങ്ങൾ കത്തിപ്പടർന്ന പ്രവിശ്യയിലെ സമീപകാലത്തെ ഏറ്റവും മോശം കാട്ടുതീ സീസണാണിത്. പ്രവിശ്യയിൽ ഇതുവരെ 900,000 ഹെക്ടറിലധികം കത്തിനശിച്ചിട്ടുണ്ടെന്നും അതേസമയം സീസണൽ ശരാശരി 2,000 ഹെക്ടറാണെന്നും ക്യുബക് ഫോറസ്റ്റ് ഫയർ ഫൈറ്റിംഗ് ഏജൻസിയായ SOPFEU റിപ്പോർട്ട് ചെയ്തു.