ഒട്ടാവ : വാർഷിക പണപ്പെരുപ്പ നിരക്ക് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ജൂലൈയിൽ ബാങ്ക് ഓഫ് കാനഡ മറ്റൊരു പലിശ നിരക്ക് വർദ്ധനയുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ.
ഏപ്രിലിൽ ഗ്രോസറി വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ 9.7 ശതമാനം കൂടിയിരുന്നു. കൂടാതെ ഏപ്രിലിൽ പണപ്പെരുപ്പം അൽപ്പം ഉയർന്ന് 4.4 ശതമാനത്തിലെത്തി. കഴിഞ്ഞ വേനൽക്കാലത്തിന് ശേഷമുള്ള ആദ്യ വർദ്ധനവാണിത്. മാർച്ച് 2022 മുതൽ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടും പണപ്പെരുപ്പത്തിന്റെ പുരോഗതി മന്ദഗതിയിലാണെന്ന് റിപ്പോർട്ട് ബാങ്ക് ഓഫ് കാനഡയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഈ മാസം ആദ്യം, ബാങ്ക് ഓഫ് കാനഡ കാൽ ശതമാനം പോയിന്റ് നിരക്ക് വർദ്ധന പ്രഖ്യാപിച്ച് അതിന്റെ പ്രധാന നിരക്ക് 4.75 ശതമാനത്തിൽ എത്തി. ഇത് 2001 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വർഷം ആദ്യം ഒരു താൽക്കാലിക വിരാമം പ്രഖ്യാപിച്ചിട്ടും പലിശനിരക്ക് വീണ്ടും ഉയർത്താനുള്ള തീരുമാനം, രണ്ട് ശതമാനം പണപ്പെരുപ്പത്തിലേക്കുള്ള ലക്ഷ്യം കൈവരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന ആശങ്ക കാരണമാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് ഉയർത്തിയതെന്നും TD ബാങ്ക് സാമ്പത്തികശാസ്ത്ര ഡയറക്ടർ ജെയിംസ് ഒർലാൻഡോ പറഞ്ഞു. കൂടാതെ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ സാമ്പത്തിക വളർച്ച 5.8 ശതമാനം ഉയർന്നതും ഇതിന് കാരണമായതായി അദ്ദേഹം പറയുന്നു.