പി പി ചെറിയാൻ
നോർത്ത് കാരൊലൈന : നോർത്ത് കാരൊലൈനയിലെ ക്യാമ്പ് ലെജ്യൂണിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് യുഎസ് നാവികരും കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ലാൻസ് കോർപ്പറൽ റാങ്കിലുള്ളവരാണ് മരിച്ച മൂവരും. മെറാക്‌സ് ഡോക്കറി (23), ടാനർ കാൾട്ടൻബെർഗ് (19), ഇവാൻ ഗാർസിയ (23) എന്നീ സൈനികരാണ് മരിച്ചത്. മരിച്ച സൈനികരിൽ ഒരാളുടെ അമ്മയാണ് മകനെ കാണാനില്ലെന്ന് പെൻഡർ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ വിളിച്ചറിയിച്ചത്.
നോർത്ത് കരോലിനയിലെ ജാക്‌സൺവില്ലെ, യിൽ നിന്നാണ് ഞായറാഴ്ച രാവിലെ ദാരുണമായ കണ്ടെത്തലിലേക്ക് നയിച്ച മിസ്സിംഗ് കോൾ വന്നതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തലേദിവസം രാത്രി ഓക് ലഹോമയിലേക്കുള്ള വിമാനത്തിൽ എത്തേണ്ടിയിരുന്ന മകൻ എത്തിയില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ കൺവീനിയൻസ് സ്റ്റോറിന്റെ പാർക്കിംഗ് ലോട്ടിൽ കാറിനുള്ളിൽ മൂവരെയും മരിച്ചനിലയിൽ കണ്ടെത്തി.
അപകടമരണമാണോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. മരിച്ച നാവികരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായി പെൻഡർ കൗണ്ടി ഷെരിഫ് ഓഫീസ് ജനറൽ മൈക്കൽ മക്വില്യംസ് അറിയിച്ചു.
