അഭിനയ മികവിനുളള അന്തര്‍ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
സെപ്റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവന്‍ ബാമും മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു.
2018 ഓസ്‌കാര്‍ എന്‍ട്രി നേടുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ്, ഇതേ സിനിമയിലെ അഭിനയത്തിന് തനിക്ക് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ലഭിച്ച സന്തോഷവും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം സ്വീകരിച്ച് ടൊവിനോ ആ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും വാട്സ് ആപ്പിലൂടെയും പങ്കുവച്ചിരുന്നു.
”ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ ഏറ്റവും വലിയ മഹത്വം. ഓരോ തവണ വീഴുമ്പോഴും എഴുന്നേറ്റ് നില്‍ക്കുന്നതിലാണ്. 2018 ല്‍ പ്രളയം നമ്മളെ തകര്‍ത്തു, എന്നാല്‍ പിന്നീട് കണ്ടത് എന്താണ് കേരളീയത എന്നതാണ്. എന്നെ മികച്ച ഏഷ്യന്‍ നടനായി തിരഞ്ഞെടുത്ത സെപ്റ്റിമിയസിന് നന്ദി. ഇതെന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും. 2018 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനിക്ക് ഈ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. ഇത് ഞാന്‍ കേരളത്തിന് സമര്‍പ്പിയ്ക്കുന്നു’ എന്നാണ് ടൊവിനോ കുറിച്ചത്.