ബ്രാംപ്ടൺ : ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവിശ്യാ സർക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രവിശ്യാ ട്രാൻസ്പോർട്ടേഷൻ മന്ത്രി പ്രബ്മീത് സിംഗ് സർക്കാരിയ കൂടിക്കാഴ്ച നടത്തി. ബ്രാംപ്ടണിൽ കനേഡിയൻ ട്രക്കേഴ്സ് വെൽഫെയർ അസ്സോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കാർ റാലിയ്ക്കെത്തിയപ്പോഴാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ട്രക്കിംഗ് വ്യവസായം നിലവിൽ നേരിടുന്ന പ്രതിസന്ധി ഉൾപ്പടെയുള്ള കാര്യങ്ങൾ MTAC ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു.


ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും, ഡ്രൈവർമാർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

രണ്ടാഴ്‌ച മുമ്പ് തണ്ടർ ബേയ്‌ക്കടുത്തുള്ള ഹൈവേ 11-ൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി ഡ്രൈവർ ആൽബർട്ട് ഐസക്കിൻ്റെ കാര്യവും പരാമർശിച്ച്, ഇനിയും ഈ ഹൈവേയിൽ ജീവൻ നഷ്‌ടപ്പെടുന്നത് തടയാൻ ഇതുപോലുള്ള ഹൈവേകളിൽ ഇരട്ടപ്പാതകൾ അടിയന്തരമായി നടപ്പാക്കണമെന്ന അഭ്യർത്ഥനയും MTAC നടത്തി. കൂടാതെ, ഹൈവേ 11, 17 എന്നിവയിൽ മതിയായ പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ട്രാൻസ്പോർട്ടേഷൻ മിനിസ്റ്റർക്ക് കൈമാറിയ നിവേദനത്തിൽ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ ഉന്നയിച്ച ആവശ്യങ്ങൾ താഴെപ്പറയുന്നതാണ് :

ഡ്രൈവർമാർക്കും ഓണർ -ഓപ്പറേറ്റർമാർക്കും സമയബന്ധിതമായി പേയ്‌മെന്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ശമ്പളം ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസവും, നിലവിലെ ശമ്പളം കുറയ്ക്കുന്നതുമായ പ്രതിസന്ധി പരിഹരിക്കുക, ഇൻഷുറസ് ഫ്‌ളീറ്റിലും ട്രക്കുകളിലും മാത്രമായി പരിമിതപ്പെടുത്താതെ, ഡ്രൈവർമാരെ ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കാൻ കമ്പനികളെ നിർബന്ധിക്കുക, ഡ്രൈവർമാർക്ക് മൈലിന് മിനിമം നിരക്ക് സ്ഥാപിക്കുക, റോഡ് സുരക്ഷയും ഡ്രൈവർ ക്ഷേമവും വർധിപ്പിക്കുന്നതിന് ഹൈവേ 11, 17 എന്നിവിടങ്ങളിൽ പാർക്കിംഗ്, വിശ്രമകേന്ദ്രങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് MTAC ഉന്നയിച്ചത്.
MTAC പ്രസിഡൻ്റ് സോമോൻ സക്കറിയ കൊണ്ടൂരാൻ, ഡയറക്ടർ ബോർഡ് അംഗം മാത്യു ജോയി എന്നിവരുടെ നേതൃത്വത്തിലാണ് MTAC ഭാരവാഹികൾ പരിപാടിക്ക് എത്തിയത്.
