രാജ്യത്തെ ഭീകരാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനധികൃത അഭയാര്‍ഥികളെ പുറത്താക്കാനൊരുങ്ങി പാകിസ്ഥാൻ. ഒക്ടോബര്‍ 31-നകം അനധികൃത അഭയാര്‍ഥികൾ രാജ്യം വിടണമെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം. പിന്നാലെ ഈ നടപടിയെ എതിര്‍ത്ത് താലിബാന്‍ രംഗത്തെത്തി. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അഭയാര്‍ഥികള്‍ സ്വമേധയാ പോകുന്നതുവരെ നടപടിയെടുക്കരുതെന്നും പാക് സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങളിലോ തീവ്രവാദത്തിലോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1.7 മില്യണ്‍ അനധികൃത അഭയാര്‍ഥികള്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം നിലവില്‍ വഷളാകുകയാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരരാണെന്നാണ് പാകിസ്ഥാന്റ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ബലൂചിസ്ഥാനിലെ ഒരു പള്ളിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്റെ ആരോപണം.

2021 ല്‍ അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം ലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തിട്ടുണ്ട്. 17 ലക്ഷത്തോളം അനധികൃത അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യത്തുണ്ടെന്നാണ് പാക് ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗ്തിയുടെ അവകാശവാദം. ഒക്ടോബർ അവസാനത്തോടെ ഇവര്‍ രാജ്യം വിടണമെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാ പോയില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കും. ഇതിനായി നിയമപാലകരെ ഉപയോഗിക്കുമെന്നും ബുഗ്തി കൂട്ടിച്ചേർത്തു. രാജ്യത്ത് അനധികൃതമായി നടക്കുന്ന അഫ്ഗാനികളുടെ സ്വകാര്യ ബിസിനസുകളും സ്വത്തുക്കളും കണ്ടുപിടിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായി ഒരു ടാസ്‌ക് ഫോഴ്‌സിനെയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അഫ്ഗാനികള്‍ക്കെതിരെ പ്രാദേശികമായി ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി പാകിസ്ഥാനിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1000 അഫ്ഗാന്‍ അഭയാര്‍ഥികളെ പാകിസ്ഥാൻ തടവിലാക്കിയതായും അവർ ആരോപിക്കുന്നു.
