ഓട്ടവ : കാനഡയുടെ അണ്ടർഗ്രൗണ്ട് എക്കണോമി 2021-ൽ 4.8 ശതമാനം വർധനയിൽ 6,850 കോടി ഡോളറായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. ഇത് മൊത്തം ജിഡിപിയുടെ 2.7 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. റെസിഡൻഷ്യൽ നിർമ്മാണത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളിലെ 18 ശതമാനം വർധനയാണ് നേട്ടത്തിന് കാരണമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

2020-ൽ അണ്ടർഗ്രൗണ്ട് എക്കണോമി 4.5 ശതമാനം ഇടിവ് നേരിട്ടിരുന്നു. പ്രധാനമായും ഗാർഹിക അന്തിമ ഉപഭോഗച്ചെലവിലെ സാമ്പത്തിക പ്രവർത്തനങ്ങളിലെ കുറവ് മൂലമായിരുന്നു ഈ ഇടിവ് എന്നും റിപ്പോർട്ടിൽ പറയുന്നു. 8.4 ശതമാനം കുറവാണ് ഗാർഹിക അന്തിമ ഉപഭോഗച്ചെലവിൽ ഉണ്ടായത്.

നിയമപരമോ നിയമവിരുദ്ധമോ ആയ മാർക്കറ്റ് അധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് അണ്ടർഗ്രൗണ്ട് എക്കണോമി. റിപ്പോർട്ടിൽ മയക്കുമരുന്ന് (കഞ്ചാവ് ഒഴികെ) വേശ്യാവൃത്തി എന്നിവയുമായി ബന്ധപ്പെട്ട ചില നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

35.0 ശതമാനം അല്ലെങ്കിൽ 2,390 കോടി ഡോളർ സംഭാവന ചെയ്ത, 2021-ൽ, അണ്ടർഗ്രൗണ്ട് എക്കണോമിയിലെ ഉയർച്ചക്ക് റെസിഡൻഷ്യൽ കൺസ്ട്രക്ഷൻ വ്യവസായം ഒരു പ്രധാന പങ്ക് വഹിച്ചു. റിയൽ എസ്റ്റേറ്റ് ഭൂവുടമകൾ 12.7 ശതമാനവും ചില്ലറ വ്യാപാരം 10.5 ശതമാനവും താമസ-ഭക്ഷണ സർവീസ് 7.3 ശതമാനവും ഈ നേട്ടത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. അണ്ടർഗ്രൗണ്ട് എക്കണോമിയുടെ പ്രവർത്തനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഈ നാല് വ്യവസായങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്.
