വാൻകൂവർ ഐലൻഡ് : കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന വാൻകൂവർ ഐലൻഡ്, സെൻട്രൽ കോസ്റ്റ്, ഹൈദ ഗ്വായ് എന്നീ പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഈ പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.

പടിഞ്ഞാറൻ വാൻകൂവർ ഐലൻഡിൽ ബുധനാഴ്ച വരെ 180 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തീരദേശ ബ്രിട്ടിഷ് കൊളംബിയയിലെ കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇന്ന് രാവിലെ മഴ ആരംഭിക്കും, തുടർന്ന് ചില സമയങ്ങളിൽ രാത്രിയിൽ കനത്ത മഴ തുടർന്ന് ബുധൻ വരെ തുടരും. കനത്ത മഴയെ തുടർന്ന് സൺഷൈൻ കോസ്റ്റ്, ഹൗ സൗണ്ട്, വാൻകൂവർ ഐലൻഡ് എന്നിവിടങ്ങളിൽ നദികളിലെ ജലനിരപ്പ് അതിവേഗം ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. റോഡിന്റെ അവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വെള്ളം നിറഞ്ഞ റോഡുകളിലൂടെ വാഹനം ഓടിക്കാൻ ശ്രമിക്കരുതെന്നും റിവർ സെന്റർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഉൾനാടൻ, കിഴക്കൻ വാൻകൂവർ ഐലൻഡിൽ 60 മുതൽ 120 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. അതേസമയം വടക്കൻ വാൻകൂവർ ഐലൻഡ്, ഹൈഡ ഗ്വായ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. കനത്ത കാറ്റിനെ തുടർന്ന് മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നതും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും കാരണം തീരദേശവാസികൾ വൈദ്യുതി മുടക്കം പ്രതീക്ഷിക്കണമെന്ന് എൻവയൺമെന്റ് കാനഡ പറയുന്നു.
