സാധാരണക്കാര്‍ക്ക് നേരെയുളള ആക്രമണങ്ങളില്‍ അപലപിച്ച് ഗാസയില്‍ സ്ഥിരം വെടിനര്‍ത്തലിന് ആഹ്വാനം ചെയ്ത് ആസിയാന്‍-ജിസിസി ഉച്ചകോടി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ നിരുപാധികം വിട്ടയക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി രാഷ്ട്ര നേതാക്കളുടെ പ്രഥമ സംയുക്ത ഉച്ചകോടിയിലാണ് ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആഹ്വാനം ചെയ്തത്.
ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും മറ്റ് അവശ്യ സേവനങ്ങള്‍ എത്തിക്കാനും ഉച്ചകോടി നേതാക്കള്‍ ആവശ്യപ്പെട്ടു. സിവിലിയന്മാരെ സംരക്ഷിക്കാനും അവരെ ടാര്‍ഗെറ്റുചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍, പ്രത്യേകിച്ച് യുദ്ധസമയത്ത് സിവിലിയന്‍ വ്യക്തികളുടെ സംരക്ഷണം സംബന്ധിച്ച ജനീവ കണ്‍വെന്‍ഷന്റെ തത്വങ്ങളും വ്യവസ്ഥകളും പാലിക്കാനും നേതാക്കള്‍ അവരുടെ പ്രസ്താവനയില്‍ സംഘട്ടന കക്ഷികളോട് അഭ്യര്‍ത്ഥിച്ചു.

ബന്ദികളാക്കിയവരെയും സിവിലിയന്‍ തടവുകാരെയും, പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവരെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുകയും സംഘര്‍ഷത്തിന് സമാധാനപരമായ ഒരു പരിഹാരത്തിലേക്ക് എത്താന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയും ചെയ്തു.
പലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണാന്‍ എല്ലാ പിന്തുണയും സൗദി നല്‍കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗാസയില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ആസിയാന്‍-ജി.സി.സി രാജ്യങ്ങള്‍ ധാരണയായി. സാമ്പത്തികം, പ്രതിരോധം, സുരക്ഷ, നിക്ഷേപം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും. ബുധനാഴ്ച മുതല്‍ സൗദിയില്‍ എത്തിത്തുടങ്ങിയ രാഷ്ട്ര നേതാക്കളെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ആസിയാന്‍ രാഷ്ട്ര നേതാക്കളുമായി കിരീടാവകാശി വെവ്വേറെ കൂടിക്കാഴ്ച നടത്തി. സൗദി, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായിലന്റ്, ബ്രൂണെയ്, മ്യാന്മാര്‍, കംപോഡിയ, ലാവോസ്, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ആസിയാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം നിലവില്‍ 110 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്.
