വിക്ടോറിയ : കാട്ടുതീയുടെയും വരൾച്ചയുടെയും ആഘാതം കാരണം പ്രവിശ്യയിൽ ഉടനീളം വൈദ്യുതി മുടങ്ങുന്നതിന് സാധ്യത വർധിച്ചതായി ബിസി ഹൈഡ്രോ മുന്നറിയിപ്പ് നൽകി.
മരങ്ങളും പ്രതികൂല കാലാവസ്ഥയുമാണ് ബ്രിട്ടിഷ് കൊളംബിയയിലെ വൈദ്യുതി മുടക്കത്തിനുള്ള ഏറ്റവും വലിയ കാരണം, ബിസി ഹൈഡ്രോയിൽ നിന്നുള്ള പ്രസ്താവന വിശദീകരിക്കുന്നു. 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കം നേരിടാൻ എമർജൻസി കിറ്റ് എല്ലാവരും തയ്യാറാക്കി വെക്കണമെന്നും ബിസി ഹൈഡ്രോ നിർദ്ദേശിച്ചു. വൈദ്യുതി തടസ്സത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ എവിടെ നിന്ന് ലഭിക്കണമെന്ന് അറിയണമെന്നും വൈദ്യുതി ലൈനുകൾ വീണതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മനസ്സിലാക്കണമെന്നും ബിസി ഹൈഡ്രോ പറയുന്നു.

ശക്തമായ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടതോടെ ബ്രിട്ടിഷ് കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ കാട്ടുതീ സീസണിനും കാരണമായി. അതികഠിനമായ കാലാവസ്ഥ മൂലമുണ്ടായ നാശനഷ്ടങ്ങൾ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത വർധിച്ചതായും വൈദ്യുതി വിതരണത്തിൽ കനത്ത തടസ്സങ്ങൾ ഉണ്ടാകുമെന്നും യൂട്ടിലിറ്റി പറയുന്നു.
വരണ്ട കാലാവസ്ഥയിൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ ശക്തമായ കാറ്റിൽ കടപുഴകി വീഴുന്നതും വൈദ്യുതി തടസ്സത്തിന് കാരണമാകുമെന്ന് ബിസി ഹൈഡ്രോ വക്താവ് സൂസി റൈഡർ പറയുന്നു. ഇലകൾ നിറഞ്ഞ മരങ്ങൾ മഴയിൽ നിന്നോ മഞ്ഞിൽ നിന്നോ ഭാരം കൂടുന്നത് മൂലവും മരങ്ങളും ശാഖകളും വീഴുമെന്ന് പ്രതീക്ഷിക്കുന്നു. ഇതും വൈദ്യുതി തടസ്സത്തിന് കാരണമാകും, അവർ കൂട്ടിച്ചേർത്തു.

കൂടാതെ കടുത്ത വരൾച്ചയെ തുടർന്ന് പ്രവിശ്യയിലെ ഏറ്റവും വലിയ ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി തടസ്സത്തിന് കാരണമായേക്കും, സൂസി റൈഡർ മുന്നറിയിപ്പ് നൽകി.
പ്രവിശ്യയിലുടനീളമുള്ള 200,000 ഉപഭോക്താക്കളെ ബാധിച്ച കാട്ടുതീ കാരണം തകർന്ന 1,400 വൈദ്യുതി തൂണുകളും 90 കിലോമീറ്റർ വൈദ്യുതി ലൈനുകളും ബിസി ഹൈഡ്രോ മാറ്റിസ്ഥാപിച്ചു. ആ അറ്റകുറ്റപ്പണിക്ക് പുറമേ, ശൈത്യകാലത്തെ പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ യൂട്ടിലിറ്റി വേഗത്തിലാക്കിയിട്ടുണ്ടെന്നും സൂസി റൈഡർ പറഞ്ഞു.