എംവിഡി വേട്ടയ്ക്ക് ഇടയിലും ജനപിന്തുണ നേടി സര്‍വീസ് തുടരുകയാണ് റോബിന്‍ ബസ്. മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ തുടരുമെന്ന് പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ബസാണ് റോബിന്‍ ബസ്. ഒറ്റദിവസം മുപ്പത്തി ഏഴായിരത്തിലധികം രൂപ മോട്ടോർ വാഹനവകുപ്പ് പിഴയിട്ടെങ്കിലും വരും ദിവസങ്ങളിലും കോടതി പറയും വരെ കോയമ്പത്തൂർ സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് റോബിൻ ബസുടമ ഗീരീഷിന്‍റെ തീരുമാനം. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയും ആളുകളുടെ സ്വീകരണ തിരക്കും കാരണം ബസിന്റെ മുൻ നിശ്ചയിച്ച സമയ ക്രമം ഏറെ വൈകി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും പാലക്കാട് ജില്ലയിൽ ഒരിടത്തും ബസ് നിർത്തിയുള്ള പരിശോധനയുണ്ടായില്ല. നാല് അൻപതിന് ബസ് വാളയാർ അതിർത്തി കടന്ന് കോയമ്പത്തൂരിലേക്ക് യാത്ര തുടർന്നു.
അതിനിടയിൽ റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി എത്തി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിനെ തുടര്‍ച്ചയായി നാലു തവണയാണ് എംവിഡി തടഞ്ഞത്. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകമായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി. പാലാ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയൽ. അങ്കമാലിയിൽ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയർന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോൾ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ച ബസ് കൊയമ്പത്തൂരിലേക്ക് യാത്ര തുടരുകയാണ്.

ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. നിയമ ലംഘനം ചൂണ്ടിക്കാട്ടി ഈ മാസം 16-ാം തീയതിയാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയിൽ വെച്ച് മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അതേസമയം കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദിമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.
