നവകേരള സദസിന് ഉപയോഗിക്കുന്ന ബസിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി. കാസർകോട് പെെവളിഗയിൽ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസിൽ എന്താണ് ആഢംബരമെന്ന് പരിശോധിക്കാൻ മാധ്യമങ്ങളെ മുഖ്യമന്ത്രി ക്ഷണിച്ചു. പരിപാടി കഴിഞ്ഞ് മന്ത്രിമാർ ബസിൽ കയറിക്കഴിഞ്ഞാൽ മാധ്യമപ്രവർത്തകരും ബസിലേക്ക് വരണമെന്ന് അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
പരിപാടിക്കായി മന്ത്രിമാർ പുറപ്പെടുന്നതിന് മുൻപ് ബസ് വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പ്രതികരിച്ചിരുന്നു.
ഇതൊരു സാധാരണ ബസാണെന്നും ഫ്രിഡ്ജ്, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി ഇതൊന്നും ഇല്ലാത്ത ഒരു ബസാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആകെ ഒരു വാഷ്‌റൂം മാത്രമാണ് വലിയ സംവിധാനം എന്ന നിലയിൽ പറയാവുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ബസിലും ഉള്ളതു പോലെ സീറ്റ് ഉണ്ട്. ബസിന്റെ സ്‌റ്റെപിന് ഉയരം അൽപം കൂടുതലുള്ളതുകൊണ്ട് ബസിൽ കയറാൻ ഓട്ടോമാറ്റിക് സംവിധാനവും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നുവെന്ന പ്രാധാന്യം ബസിനുണ്ടെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ശേഷം ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസിന് ഉപയോഗിക്കുന്നതിനാൽ ബസിന് കളർകോഡ് അനുവാദിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 35 ദിവസം കഴിയുമ്പോൾ ബസ് സാധരണക്കാരന് ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്.
