ഓട്ടവ : ഇന്ന് മുതൽ വ്യാഴം വരെ കാനഡയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ച്ചയും മഴയും നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു.
കിഴക്കൻ ഒന്റാരിയോയിൽ, ഓട്ടവ, ബ്രോക്ക്വിൽ എന്നിവിടങ്ങളിൽ അഞ്ച് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും. മണിക്കൂറിൽ ശരാശരി രണ്ട് സെന്റീമീറ്റർ വരെ മഞ്ഞു വീഴുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഇന്ന് വൈകിട്ടോടെ തണുത്തുറഞ്ഞ മഴയും ഉണ്ടാകും.
ഹാൾട്ടൺ മേഖല, ഹ്യൂറോൺ, ലണ്ടൻ ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ച്ച അനുഭവപ്പെടും. മഞ്ഞുവീഴ്ച നേരത്തെ തുടങ്ങുന്തോറും മഞ്ഞുപാളികൾ കൂടുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
തെക്കൻ ആൽബർട്ടയിലെയും വടക്കൻ മാനിറ്റോബയിലെയും നിരവധി പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ മണിക്കൂറിൽ 100 കി.മീ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് വൈകിട്ടോടെ ദുർബലമാകും.
വടക്കൻ ക്യുബെക്കിലും കാറ്റ് മുന്നറിയിപ്പുകൾ നിലവിലുണ്ട്. ചൊവ്വാഴ്ച രാവിലെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ എത്തും. വ്യാഴാഴ്ച വരെ കാറ്റ് ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കൻ ക്യുബെക്കിലെ ചില പ്രദേശങ്ങളിൽ കനത്ത കാറ്റും കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറുകളോളം പൂജ്യത്തിനടുത്തുള്ള ദൃശ്യപരതയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന നൂനവൂട്ടിലെ ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ചൊവ്വാഴ്ച രാവിലെ ആരംഭിച്ച് ബുധനാഴ്ച രാത്രി വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ഞുവീഴ്ചയ്ക്കൊപ്പം മണിക്കൂറിൽ 70 കിലോമീറ്റർ വരെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
നോവസ്കോഷയിൽ, പിക്റ്റൗ, കോൾചെസ്റ്റർ കൺട്രി നോർത്ത് തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശികമായി അഞ്ച് സെന്റീമീറ്ററോ അതിൽ കൂടുതലോ മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. കനത്ത മഞ്ഞുവീഴ്ച കാരണം ദൃശ്യപരത ഗണ്യമായി കുറയുമെങ്കിലും ഇന്ന് വൈകിട്ടോടെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു.
നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ നിരവധി പ്രദേശങ്ങളിൽ അഞ്ച് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ച അനുഭവപ്പെടും. ബുധനാഴ്ച ഹിമപാതവും പൂജ്യത്തിനടുത്തുള്ള ദൃശ്യപരതയും കാരണം പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചതായി എൻവയൺമെന്റ് കാനഡ അറിയിച്ചു.