മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ (Open Ai) എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായതുമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.
2022 നവംബര്‍ 30-നാണ് ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ചാറ്റ്ജിപിടി വൈറലായി. സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉടനീളം നിറഞ്ഞു. നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് ചാറ്റ്ജിപിടിയുടെ ഉപയോഗം അതിവേഗം കുതിച്ചുയര്‍ന്നത്. ജനുവരിയോടെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയുടെ റെക്കോര്‍ഡ് ചാറ്റ്ജിപിടി സ്ഥാപിച്ചു.
വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ അതിനറിയാം. ഇന്ന് ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ചാറ്റ് ജിപിടിയുടെ ആരംഭം മുതല്‍ അവതരണങ്ങളിലും സംഭാഷണങ്ങളിലും ലേഖനങ്ങളിലും എഐയെ കുറിച്ചുള്ള പരാമര്‍ശങ്ങളും അടങ്ങിയിരിക്കുന്നു. നിലവില്‍ ഓരോ ആഴ്ചയും 100 ദശലക്ഷം ആളുകള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നുവെന്നാണ് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്.

ഇവിടെ ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ച ഡാറ്റയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട അസംഖ്യം വിവരങ്ങള്‍ ഉള്‍പ്പെടുന്നു. മനുഷ്യന് തന്റെ ജീവിതകാലത്തില്‍ വായിച്ചും കണ്ടും പഠിക്കാനാവാത്ത അത്രയും വിവരങ്ങള്‍ ചാറ്റ് ജിപിടി പഠിച്ചിട്ടുണ്ട്. ഈ വിവരങ്ങളെ ആവശ്യാനുസരണം വിശകലനം ചെയ്യാനും ഏത് രൂപത്തില്‍ വേണമെങ്കില്‍ അവതരിപ്പിക്കാനും ജിപിടിയ്ക്ക് സാധിക്കും.
