തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചോളൂ, ആക്രമിക്കാൻ വരുന്നവർ വരട്ടെ, സുരക്ഷ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു. പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. പൊലീസ് നിഷ്ക്രീയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്. പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും ഗവർണർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ തന്നെ സ്‌നേഹിക്കുന്നു. കണ്ണൂരിലെ ജനങ്ങൾ സ്നേഹമുള്ളവർ, അവരെ ഭയപ്പെടുത്തുന്നത് പോലെ തന്നെ ഭയപ്പെടുത്താനാവില്ല. ജനങ്ങളെയല്ല, മറിച്ച് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചതെന്നും ഗവർണർ. കണ്ണൂരിൽ സി പി ഐ എം നടത്തുന്ന ഫാസിസത്തെയാണ് വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.