ടെഹ്‌റാൻ: ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തുന്നതിനിടെ മെഡിറ്ററേനിയൻ കടൽ അടയ്ക്കുമെന്ന ഭീഷണിയുമായി ഇറാൻ. യുഎസും അതിന്റെ സഖ്യകക്ഷികളും ഗാസയിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ മെഡിറ്ററേനിയൻ കടൽ തങ്ങൾക്ക് അടയ്‌ക്കേണ്ടിവരുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് എങ്ങനെയാണ് നടപ്പാക്കുക എന്ന് അദ്ദേഹം വിശദീകരിച്ചില്ല.

‘മെഡിറ്ററേനിയൻ കടലും ജിബ്രാൾട്ടർ കടലിടുക്കും മറ്റ് ജലപാതകളും അടയ്ക്കുന്നത് കാണാൻ അവർക്ക് അധികം കാത്തിരിക്കേണ്ടി വരില്ല’, റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ നഖ്ദിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.
മെഡിറ്ററേനിയൻ കടലിലേക്ക് ഇറാന് നേരിട്ടുള്ള പ്രവേശനമാർഗം ഇല്ല. അതിനാൽ തന്നെ മെഡിറ്ററേനിയൻ കടൽപാത എങ്ങനെയാണ് ഇറാൻ അടയ്ക്കുക എന്ന കാര്യത്തിൽ വ്യക്തതയുമില്ല. ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയുമാണ് മെഡിറ്ററേനിയൻ പ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ആകെയുള്ള സംഘങ്ങൾ.
ഗാസയിൽ ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസിന് ശക്തമായ പിന്തുണയാണ് ഇറാൻ നൽകുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് അമേരിക്കയെയാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്. ഇസ്രയേലിന്റെ തുടർച്ചയായ ബോംബാക്രമണത്തിൽ ആയിരക്കണക്കിന് പേരാണ് ഗാസയിൽ കൊല്ലപ്പെടുന്നത്.
ചെങ്കടൽവഴി കടന്നുപോകുന്ന ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ചില കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇതോടെ വിവിധ കമ്പനികൾ ചെങ്കടൽ വഴിയുള്ള കപ്പൽ യാത്ര ഒഴിവാക്കി മറ്റുമാർഗങ്ങൾ സ്വീകരിച്ചിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കുള്ള പ്രതികരണമായാണ് ഹൂതികൾ കപ്പൽ ആക്രമിക്കാൻ തീരുമാനിച്ചത്.