ഹൂതികള്‍ക്കെതിരെ യു.എസ് രൂപീകരിച്ച ചെങ്കടല്‍ സംരക്ഷണസേനയില്‍ നിന്നും ഫ്രാന്‍സിനു പിന്നാലെ സ്പെയിനും ഇറ്റലിയും പിന്മാറ്റം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. യുഎസ് നയിക്കുന്ന ഇത്തരമൊരു സഖ്യത്തിന്റെ കൂടെക്കൂടാനില്ലെന്നാണ് ഇവരുടെ തീരുമാനം.
ഫ്രാന്‍സ് അധികം വൈകാതെ സഖ്യത്തില്‍നിന്നു പിന്മാറിയിരുന്നു. പിന്നാലെ സ്പെയിനും ഇറ്റലിയും സഖ്യം വിട്ടതായാണു പുറത്ത് വരുന്ന വിവരം. യുഎന്‍ നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുളള അന്താരാഷ്ട്ര സംഘങ്ങളുടെ നിര്‍ദേശപ്രകാരം മാത്രമേ സൈനിക നടപടികളുടെ ഭാഗമാകുവെന്നാണ് ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രായേല്‍ കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം ചെറുക്കാന്‍ എന്നു പറഞ്ഞാണ് ഡിസംബര്‍ 18ന് യു.എസ് സഖ്യരാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. ഓപറേഷന്‍ പ്രോസ്പെരിറ്റി ഗാര്‍ഡിയന്‍ എന്നാണു കൂട്ടായ്മയുടെ പേര്. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രഖ്യാപിച്ച സേനാസഖ്യത്തില്‍ ബ്രിട്ടന്‍, ബഹ്റൈന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ഡെന്മാര്‍ക്ക്, ഗ്രീസ്, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, നോര്‍വേ, സേഷെല്‍സ് എന്നീ രാജ്യങ്ങളാണു തുടക്കത്തിലുണ്ടായിരുന്നത്. പേരുവെളിപ്പെടുത്താന്‍ താല്‍പര്യപ്പെടുത്താത്തതടക്കം 20ഓളം രാജ്യങ്ങള്‍ സഖ്യത്തിന്റെ ഭാഗമാണെന്ന് യു.എസ് അവകാശപ്പെടുകയും ചെയ്തിരുന്നു.