ഓട്ടവ: രാജ്യത്തുടനീളം പുകയില ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ. 2008-ന് ശേഷം ജനിച്ച കനേഡിയൻ പൗരന്മാർക്ക് പുകയില ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. പുകയില ഉപയോഗം മൂലം കാനഡയിൽ രോഗം, വൈകല്യം, മരണം എന്നിവ ക്രമാതീതമായി വർധിക്കുന്നുവെന്ന് ഓട്ടവ യൂണിവേഴ്‌സിറ്റി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ സയന്റിസ്റ്റ് ആൻഡ്രൂ പൈപ്പ് പറഞ്ഞു.
കനേഡിയൻ പൗരന്മാരിൽ ഭൂരിഭാഗവും കൗമാരപ്രായത്തിൽ തന്നെ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കാൻസർ സൊസൈറ്റിയിലെ സീനിയർ പോളിസി അനലിസ്റ്റായ റോബ് കണ്ണിംഗ്ഹാം പറഞ്ഞു. പുകയില ഉത്പന്ന നിയന്ത്രണത്തെ പിന്തുണയ്ക്കുന്നുവെന്നും കണ്ണിംഗ്ഹാം വ്യക്തമാക്കി.
നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കാനഡയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ചില പ്രവിശ്യകൾ പ്രായ മാനദണ്ഡത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആൽബർട്ട, മാനിറ്റോബ, കെബെക് എന്നിവിടങ്ങളിൽ പൊതുവെ 18 വയസ്സുള്ളവർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതി ഉണ്ട്. അതേസമയം പ്രിൻസ് എഡ്വേർഡ് ഐലൻഡ് ഒഴികെയുള്ള മറ്റെല്ലാ പ്രവിശ്യകളിലും പ്രായം 19 ആയി നിശ്ചയിച്ചിട്ടുണ്ട്.