ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിയുടെ സമീപം നടന്ന സ്‌ഫോടനത്തിൽ കേസെടുക്കാൻ പാകത്തിൽ നിർണായകമായ തെളിവുകൾ ലഭിച്ചതായി പൊലീസ്. സംഭവത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. അന്വേഷണം പൂർണമായും എൻഐഎയ്ക്ക് കൈമാറാനാണ് സാധ്യത. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം വൈകുകയാണ്. ജാമിയ നഗറിൽ നിന്ന് ഓട്ടോയിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. ഹിന്ദി സംസാരിക്കാത്ത യുവാവിനെ ഇറക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്തു. കൂടുതൽ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പൊട്ടിത്തെറി സംശയിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഇസ്രയേൽ പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത വേണമെന്ന് ഇസ്രയേൽ സുരക്ഷാ കൗൺസിൽ അറിയിച്ചു. ഇസ്രയേൽ പൗരന്മാർ മാളുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടങ്ങൾക്കിടയിലേക്കും പോകുന്നത് ഒഴിവാക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് പൊട്ടിത്തെറി കേട്ടെന്ന് ബുധനാഴ്ചയാണ് ഫോൺ സന്ദേശം എത്തിയത്. തുടർന്ന് ഡൽഹി പൊലീസും ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും, എൻഐഎ സംഘവും ശബ്ദം കേട്ടെന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇസ്രയേൽ എംബസിയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് സ്‌ഫോടനം നടന്ന പ്രദേശം. ഇവിടം പൂർണ്ണമായും വിജനമാണ്. തെരച്ചിലിൽ ഇസ്രയേലി അംബാസിഡർക്കുള്ളതെന്ന പേരിൽ ഒരു കത്ത് കണ്ടെത്തിയിരുന്നു. കത്ത് പൊതിഞ്ഞ ഒരു പതാകയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. വലിയ പൊട്ടിത്തെറി കേട്ടെന്നും പുകപടലങ്ങൾ ഉയർന്നെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു.