കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354, 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. നടക്കാവ് പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു.