ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈതി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേൽ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്.

വെടിനിർത്തലിനു വേണ്ടി ഈജിപ്ത് മുന്നോട്ടുവച്ച പദ്ധതിയെ കുറിച്ച് ചർച്ച നടത്താനായി ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്റോയിലെത്തും. മൂന്നുഘട്ടമായുള്ള വെടിനിർത്തൽ പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവച്ചിരിക്കുന്നത്. ബന്ദികളെ പരസ്പരം മോചിപ്പിക്കുന്നതിനാണ് ഈജിപ്ത് മുന്നോട്ടുവയ്ക്കുന്ന സമാധന കരാറിലും മുൻഗണന നൽകിയിരിക്കുന്നത്. എന്നാൽ, ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടയക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്.
ഹമാസ് മേധാവി യഹ്യ സിൻവാറിന്റെ ജൻമസ്ഥലമായ ഖാൻ യുനിസിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ രംഗത്തിറക്കി. ഗാസയിലെ 80 ശതമാനം പേരും പലായനം ചെയ്തുകഴിഞ്ഞതായി യുഎൻ വ്യക്തമാക്കി. റഫാ നഗരത്തിലെ താത്കാലിക അഭയാർഥി ക്യാമ്പുകളിലാണ് ഇതിൽ അധികം പേരും തങ്ങുന്നത്. ഈ അഭയാർഥി ക്യാമ്പുകൾക്ക് സമീപം ആക്രമണം രൂക്ഷമാണ്. ഗാസയിൽ മാനുഷിക വെടിനിർത്തൽ വേണമെന്ന് ഡബ്ല്യുഎച്ച്ഒ വീണ്ടും ആവശ്യപ്പെട്ടു. റഫാ അതിർത്തിക്ക് സമീപം ഒരു ലക്ഷത്തിന് അടുപ്പിച്ച് ഗാസ നിവാസികളാണ് എത്തിയിരിക്കുന്നത്.